കണ്ണൂർ: ഷാർജയിൽ നിന്നെത്തിയ 11കാരനടക്കം ജില്ലയിൽ നാലു പേർക്കു കൂടി ബുധനാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. ചെറുവാഞ്ചേരി സ്വദേശികളാണ് ഇവരിൽ മൂന്നു പേരും. ഒരാൾ മാടായി സ്വദേശിയാണ്.
മാർച്ച് 15ന് കരിപ്പൂർ വഴിയാണ് 11കാരൻ നാട്ടിലെത്തിയത്. കുട്ടിയുടെ ബന്ധുക്കളാണ് കൊറോണബാധിതരായ 35ഉം 32ഉം വയസ്സുള്ള മറ്റു രണ്ടുപേർ. സമ്പർക്കത്തിലൂടെയാണ് ഇവർ രോഗബാധിതരായത്. ഏപ്രിൽ 7ന് അഞ്ചരക്കണ്ടിയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിലാണ് മൂന്നു പേരും സ്രവപരിശോധനയ്ക്ക് വിധേയരായത്.
നിസാമുദ്ദീനിൽ നിന്ന് മാർച്ച് 10ന് നാട്ടിലെത്തിയ മാടായി സ്വദേശിയാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട നാലാമത്തെയാൾ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നാണ് ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായത്. നാലു പേരും നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ്. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 60 ആയി. ഇവരിൽ 26 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
അതേസമയം കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9403 ആയി. ഇവരിൽ 92പേർ ആശുപത്രിയിലും 9311പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
ജില്ലയിൽ സജ്ജമാക്കിയ 1848 മെഡിക്കൽ ടീമുകൾ ബുധനാഴ്ച 18363 വീടുകൾ സന്ദർശിച്ച്‌ബോധവൽക്കരണം നടത്തി. ജില്ലയിലെ 81കേന്ദ്രങ്ങൾ സന്ദർശിച്ച് 575 അതിഥി തൊഴിലാളികൾക്ക്‌ബോധവൽക്കരണം നൽകുകയും ലഘുലേഖകളും വിതരണം ചെയ്തു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുതായി 737പേർക്ക് കൗൺസലിങ്ങ് നൽകി.


എം.സി.സി കാൻസർ മരുന്ന് വീട്ടിലെത്തിക്കും
കണ്ണൂർ: കൊവിഡ് 19 ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമായ കാൻസർ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകാൻ സംവിധാനം.
മരുന്നുകൾ ആവശ്യമുള്ളവർ 9188202602 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഡോക്ടർമാരുടെ കുറിപ്പടികളും ആശുപതിയിൽ നിന്നും ലഭിച്ച യു. എച്ച്.ഐ.ഡി നമ്പറും അയയ്ക്കണം. ഡോക്ടർമാർ അത് പരിശോധിച്ച ശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുകയും മരുന്നുകൾ രോഗികൾക്ക് സന്നദ്ധ പ്രവർത്തകർ / പൊലീസ് / ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം മഖേന വീടുകളിലേക്ക് എത്തിക്കും. എം.സി.സി അക്കൗണ്ടിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, യു.പി.ഐ ആപ്പ് വഴിയോ മരുന്നിന്റെ പണം നൽകാം. കൂടുതൽ വിവരങ്ങൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ 0490 2399241/0490 2399203 എന്നീ നമ്പറുകളിൽ ലഭിക്കും.

ഇന്ന് റേഷൻ കടകൾ പ്രവർത്തിക്കും
കണ്ണൂർ: ഏപ്രിൽ ഒമ്പത് വ്യാഴാഴ്ച ജില്ലയിലെ മുഴുവൻ റേഷൻ കടകളും സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു

വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായം
കണ്ണൂർ: ലോക്ക് ഡൗൺ പശ്ചാത്തലം കണക്കിലെടുത്ത് പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമായ വയോജനങ്ങൾ, ഒറ്റയ്ക്ക് താമസിക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സാമൂഹ്യ നീതി വിഭാഗം ഭക്ഷണം, മരുന്ന് മറ്റ് അവശ്യ സാധനങ്ങൾ എന്നിവ എത്തിക്കുന്നു. ബന്ധപ്പെടേണ്ട നമ്പറുകൾ: 9656778620 (ജില്ലാ സാമൂഹ്യനീതി ഓഫീസർ), 9947618033 (പ്രോഗ്രാം ഓഫീസർ), 9495136795, 9495900662 (സീനിയർ സൂപ്രണ്ടുമാർ), 9961433564 (ജൂനിയർ സൂപ്രണ്ട്).