കാസർകോട്: കൊവിഡ് 19 മഹാമാരിയുടെ സംഹാര താണ്ഡവത്തെ തുടർന്നാണെങ്കിലും കാസർകോട് മെഡിക്കൽ കോളേജിനെ പരിഗണിക്കാൻ സർക്കാർ മുന്നോട്ട് വന്നത് നല്ല കാര്യമാണെന്നും വൈകി ഉദിച്ച വിവേകത്തിന് നന്ദി പറയുന്നുവെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ എന്നിവർ പറഞ്ഞു. എന്നാൽ, ഭൂതകാലത്തെ വിസ്മരിക്കാനും വളച്ചൊടിക്കാനും അവഗണിക്കാനും ശ്രമിക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. വസ്തുതകളെ വസ്തുതകളായി കാണാനും സത്യത്തെ തമസ്കരിക്കാനുള്ള സന്മനസും ആരോഗ്യമന്ത്രിക്ക് ഉണ്ടാകേണ്ടതാണ്.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ പൊതുസമൂഹം തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഉത്തരവാദപ്പെട്ടവർ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ ആലോചനയും ശ്രദ്ധയും പുലർത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ മറിച്ചായിരിക്കും ഫലം. നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് ഏതൊരാളുടെയും പ്രസ്താവനയിലെ നെല്ലും പതിരും വേർതിരിച്ചറിയാൻ ജനങ്ങൾ മുതിരില്ലെന്ന വിശ്വാസത്തിൽ സത്യത്തോട് നിരക്കാത്ത വിവരങ്ങൾ പറയുന്നത് ആർക്കായാലും ഭൂഷണമല്ല. 2012 മാർച്ച് 24 ന് കഴിഞ്ഞ സർക്കാർ ആണ് മെഡിക്കൽ കോളേജിന് ഭരണാനുമതി നൽകിയതെന്ന് പറയാൻ ആരോഗ്യമന്ത്രി മനസുകാണിച്ചു. പൊതുതിരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ടുമുൻപ് 2016 ജനുവരി 28 ന് അക്കാദമിക് ബ്ലോക്കിന്റെ തറക്കല്ലിടൽ നടത്തിയതെന്നും പറയുന്നു. തിരഞ്ഞെടുപ്പും ഭരണവസാനവും പറയുന്നതിന്റെ ഉദ്ദേശം മനസിലാക്കുന്നു. പക്ഷേ, അങ്ങനെയൊരു തറക്കല്ലിടൽ ചടങ്ങ് ഉണ്ടായിരുന്നില്ല. ശിലാഫലകവും അവിടെ ഇല്ല. 25 കോടിയിലധികം തുക ചെലവിട്ടാണ് അക്കാദമിക് ബ്ലോക്ക് പണി പൂർത്തിയാക്കിയതെന്ന് പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ 25 കോടി കാസർകോട് പാക്കേജിൽ നിന്ന് അനുവദിച്ചതെന്നും എം.എൽ.എ പറഞ്ഞു .