ചെറുവത്തൂർ: ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിൽ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ കാലത്താണ് വിൽപ്പനക്കായി എത്തിച്ച അയല ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്. മീൻ വിൽക്കുന്നതിനായി സ്ത്രീ തൊഴിലാളികൾക്ക് എത്തിച്ചു കൊടുത്തിരുന്ന ഇടനിലക്കാരായ രണ്ടു പേർ ഓടിരക്ഷപ്പെട്ടു.

മാർക്കറ്റിൽ മത്സ്യ വിപണനം നടത്തുന്ന സ്ത്രീകൾക്ക് പയ്യന്നൂരിൽ നിന്നും വിൽപ്പനക്കായി എത്തിച്ച മത്സ്യത്തിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത, ദിവസങ്ങൾ പഴക്കമുള്ള രണ്ടു കുട്ടയിലായി അയില കണ്ടെത്തിയത്. മടക്കരയിൽ നിന്നെത്തിച്ച മൽസ്യം എന്ന വ്യാജേനയാണ് അയില വിറ്റതെന്ന് പറയുന്നു. പിടിച്ചെടുത്ത് മത്സ്യങ്ങൾ ഉദ്യോഗസ്ഥർ ബ്ലീച്ചിംഗ് പൗഡർ ഇട്ടു നശിപ്പിച്ചു. ആരോഗ്യവകുപ്പ് ജീവനക്കാരായ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ, ജെ.എച്ച്.ഐ തോമസ്, ജെ.എച്ച്.ഐ രാജേഷ് , തൃക്കരിപ്പൂർ നോർത്ത് വില്ലേജ് ഓഫീസർ അശോകൻ, ആശാവർക്കർമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായത്.