കണ്ണൂർ: കൊവിഡ് 19 പ്രതിരോധത്തിനായി പണം കണ്ടെത്താൻ ഈ മാസം മുതൽ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വർഷത്തേക്ക് മരവിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രാദേശിക വികസനത്തെ തളർത്തുമെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. എം.പിമാരുടെ ശമ്പളവും പെൻഷനും 30ശതമാനം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ഉൾക്കൊള്ളാൻ കഴിയും. എന്നാൽ എം.പി ഫണ്ട് നിർത്തലാക്കുന്നത് ജനാധിപത്യ വിരുദ്ധവും വികസന വിരുദ്ധവുമാണ്. ഒരു എം.പിക്ക് ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങൾ ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലത്തിലെ വികസനത്തിന് അഞ്ചുകോടി രൂപ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ കേരളത്തിലെ ഓരോ എം.എൽ.എമാർക്കും ആറു കോടി രൂപ വീതം ചെലവഴിക്കാൻ സാധിക്കുന്നുണ്ട്. കേരളത്തിന് 314 കോടി രൂപ മാത്രമാണ് 2020-21 കാലയളവിലേക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടായി കേന്ദ്രം അനുവദിച്ചതെങ്കിലും ഉത്തർപ്രദേശിന് 1933 കോടി രൂപ ലഭിക്കുന്നു. ഇത് വിവേചനപരമാണ്. ദുരന്ത സമയത്തും വിവേചനം കാണിക്കുന്ന കേന്ദ്ര നടപടി അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.