kerala

കോഴിക്കാട്: ജില്ലയിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് ജില്ലയിൽ 2100പേർ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 2624 ആയി. നിലവിൽ ആകെ 20,049പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. മെഡിക്കൽകോളേജിലുള്ള 22പേരും ബീച്ച് ആശുപത്രിയിലുള്ള രണ്ടുപേരും ഉൾപ്പെടെ 24പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

12പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു. ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ആകെ കൊവിഡ് സ്ഥിരീകരിച്ച 12പേരിൽ അഞ്ച്‌ പേർ രോഗമുക്തരായതിനാൽ ഏഴ്‌പേരാണ് ജില്ലയിൽ ചികിത്സയിൽ അവശേഷിക്കുന്നത്. ഇതുകൂടാതെ രണ്ട് ഇതര ജില്ലക്കാരും ചികിത്സയിലുണ്ട്. 16 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആകെ 417 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. 369 എണ്ണം നെഗറ്റീവാണ്. 33പേരുടെ ഫലം ലഭിക്കാൻ ബാക്കിയുണ്ട്. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ കൗൺസലിംഗ് നൽകുന്നുണ്ട്. കൂടാതെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 1718 പേർ ഫോണിലൂടെ സേവനം തേടി.