കണ്ണൂർ: ന്യൂമാഹി പഞ്ചായത്തിൽ പൊലീസ് നിയന്ത്രണം കർശനമാക്കി. പരിയാരത്ത് 71 കാരൻ കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. രോഗം ബാധിച്ച മാഹി സ്വദേശി ഏറ്റവും കൂടുതൽ സഞ്ചരിച്ചത് കണ്ണൂർ ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും തലശേരി, കൂത്തുപറമ്പ്, പാനൂർ മേഖലകളിൽ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് തലശേരി, കൂത്തുപറമ്പ്, പാനൂർ മുൻസിപ്പാലിറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപറമ്പ്, കതിരൂർ, പന്നിയന്നൂർ തുടങ്ങിയ പഞ്ചായത്തുകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കടുത്ത നിയന്ത്രണത്തിലുള്ള പന്നിയന്നൂരിനും ചൊക്ലിക്കും പുറമേ ന്യൂമാഹി പഞ്ചായത്തിലും ഇദ്ദേഹം പല തവണ സന്ദർശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂമാഹിയിലും കടുത്ത നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. മാഹി സ്വദേശിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവർത്തകർ അടക്കം നൂറോളം പേരെ ഇതുവരെ നിരീക്ഷണത്തിലാക്കി കഴിഞ്ഞു.