കാസർകോട്: ജില്ലയിൽ കൊവിഡ് 19 ലക്ഷണങ്ങൾ ഉള്ളവരെ മാത്രമല്ല, നിരീക്ഷണം മുഴുവൻ ആളുകളിലേക്കും വ്യാപിപ്പിക്കാനും അവരുടെ ആരോഗ്യസ്ഥിതി അറിയാനുമുള്ള സർവേയുമായി അംഗൻവാടി വർക്കർമാർ വരുന്നു. മുഴുവൻ വ്യക്തികളെയും കണ്ടെത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാനായി വിവരശേഖരണം നടത്തുകയാണ് ലക്ഷ്യം. പൊലീസ് ഡബിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള അതിജാഗ്രതാ പ്രദേശങ്ങൾ ഉൾപ്പെടുന്ന അഞ്ച് ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ വിവര ശേഖരണം പെട്ടെന്ന് നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത് അവർ ഐസൊലേറ്റ് ചെയ്യപ്പെടുന്നതിന് ശേഷമാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വ്യക്തികളേയും നിരീക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് അംഗൻവാടി വർക്കർമാരെ ചുമതലപ്പെടുത്തിയത്.

പ്രത്യേക പെർഫോമയുടെ അടിസ്ഥാനത്തിൽ അംഗൻവാടി വർക്കർമാർ വിവരങ്ങൾ ശേഖരിക്കും. ഇത് സൂപ്പർവൈസർമാർ ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലാക്കി അതത് കേന്ദ്രങ്ങൾക്ക് കൈമാറും. സി.ഡി.പി. ഒ മാർ ഈ വിവരങ്ങൾ പ്രോജക്ട് അടിസ്ഥാനത്തിലാക്കി ജില്ലാ പ്രോഗ്രാം ഓഫീസ് നൽകുന്ന ഗൂഗിൾ ഷീറ്റിൽ സമർപ്പിക്കണം. ഇവയുടെ വിവരങ്ങൾ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുള്ള പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർക്കും ഡി.എം.ഒയ്ക്കും നൽകണം. ക്രോഡീകരിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്കും സമർപ്പിക്കണം. പട്ടികജാതി, പട്ടികവർഗ, തീരദേശ മേഖലകളിലേത് ഉൾപ്പെടെ ഒരു കുടുംബവും വിട്ടുപോകാതെ സർവേ നടത്തണമെന്നാണ് ഉത്തരവ്. ഓരോ ദിവസവും ലഭിക്കുന്ന ഡാറ്റകൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർ പരിശോധിക്കേണ്ടതും രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കണ്ടെത്തി നിലവിലുള്ള പ്രോട്ടോകോൾ അനുസരിച്ചുള്ള തുടർ നടപടികൾ കൈക്കൊള്ളേണ്ടതുമാണ്.

കാസർകോട് ജില്ലയിലെ മുഴുവൻ വീടുകളിലെയും ആളുകളെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ അംഗൻവാടി വർക്കർമാരുടെ പക്കലുണ്ട്. ഓരോ വർഷവും വീടുകളിൽ നേരിട്ട് ചെന്നാണ് അംഗൻവാടി വർക്കർമാർ വിവരശേഖരണം നടത്തുന്നത്. അതിന് പുറമെ മൊബൈൽ ആപ്പ് ഉപയോഗിച്ച് നടത്തിയ വിവരങ്ങളും റെക്കാഡ് ചെയ്തിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ അംഗൻവാടി വർക്കർമാർക്ക് വീടുകളിൽ നേരിട്ടുപോയി സർവേ നടത്താൻ ബുദ്ധിമുട്ടുള്ളത് കാരണം ഫോണിൽ വിളിച്ചു ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 60 വയസിന് മുകളിലുള്ളവരുടെ സർവേ വിവരങ്ങളും കൈവശമുണ്ട്. പുതിയ ചോദ്യാവലി ഉൾപ്പെടുത്തി 60 വയസിന് മുകളിലുള്ളവരുടെ സർവേ വീണ്ടും എടുക്കണമെന്ന് അംഗൻവാടി വർക്കർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. അതിന് പുറമെയാണ് പുതിയ നിരീക്ഷണവും നടത്തേണ്ടത്.