കണ്ണൂർ:ലോക്ക് ഡൗണിനെ തുടർന്ന് നിരത്തുകൾ ഒഴിഞ്ഞതോടെ റോഡുകൾ കുരുതിക്കളങ്ങൾ ആകുന്നത് ഒഴിഞ്ഞു.ദിനംപ്രതി കേൾക്കാറുള്ള വാഹനാപകടവും മരണ നിരക്കും ഇപ്പോൾ കേൾക്കാനില്ലെന്നത് ലോക്ക് ഡൗൺ കാലത്തെ വലിയ ഒരു ആശ്വാസമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം..

കഴിഞ്ഞ വർഷം മാർച്ച് ,ഏപ്രിൽ മാസങ്ങളിൽ ജില്ലയിൽ നടന്ന റോഡപകടങ്ങളുടെ കണക്ക് നോക്കിയാൽ ഞെട്ടിപ്പിക്കുന്നതാണ്.എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങാൻ തുടങ്ങിയതോടെ നിരത്തുകളിലെ അപകടങ്ങളും ഇല്ലാതാക്കാൻ ഇടയായി.സ്വകാര്യ ബസ്സുകൾ ഉൾപ്പെടയുള്ളവർ നടത്തുന്ന മത്സരയോട്ടങ്ങൾ പലപ്പോഴും വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്.വളപട്ടണം ഹൈവേ ജംഗ്ഷൻ മുതൽ പാപ്പിനിശ്ശേരി വരെയും ,പഴയങ്ങാടി കെ.എസ്.ടി.പി റോഡ് ,മേലെച്ചൊവ്വ എന്നിവിടങ്ങളെല്ലാം ജില്ലയിലെ പ്രധാന അപകടമേഖലകളായിരുന്നു.

ഫ്രീക്കൻമാരെ പൂട്ടി

ഹെൽമെറ്റ് പോലും ധരിക്കാതെ ഒാവർ സ്പീഡ് ഹരമാക്കി ബൈക്കുകളിൽ ചീറിപ്പായുന്ന ചില യുവാക്കളാണ് അപകടങ്ങൾ വിളിച്ചു വരുത്തുന്ന വലിയ ഒരു വിഭാഗം.എന്നാൽ ഇവരെല്ലാം ഇപ്പോൾ വീടുകളിൽ മൊബൈലുമായി സ്വസ്ഥം.ഇനി അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരിൽ ഭൂരിഭാഗം പേരും പൊലീസിന്റെ കർശ്ശന പരിശോധന ഭയന്ന് ഹെൽമെറ്റും മതിയായ മുഖാവരണങ്ങളുമെല്ലാം ധരിച്ചാണ് പോകുന്നത്.വാഹനങ്ങൾ കുറഞ്ഞതുകൊണ്ട് അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവരോട് അമിത വേഗതയിൽ പോകരുതെന്ന നിർദേശവും പൊലീസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.അനാവശ്യമായി വാഹനവുമായി ഇറങ്ങുന്നവർക്ക് കർഫ്യൂ ലംഘിച്ച പേരിൽ രണ്ട് വർഷം പിഴയും 10,000 രൂപയുമാണ് പിഴ.

ജില്ലയിലെ റോഡപകടം

2020 മാർച്ച് 15 ന് മുൻപ്

ആകെ അപകടം-140

മരണം-15

2019 മാർച്ച്

ആകെ അപകടം-181

ആകെ മരണം-20

ക്യാമറ എല്ലാം കാണുന്നുണ്ട്

ലോക്ക് ഡൗണിൽ നിരത്തുകളിൽ തിരക്ക് ഒഴിഞ്ഞതോടെ ഒാവർ സ്പീഡിൽ പോകാമെന്ന് കരുതിയാൽ പിടിവീഴും.ട്രാഫിക്ക് പൊലീസിന്റെ ക്യാമറകണ്ണുകൾ സദാസമയവും വാഹനയാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്.അമിത വേഗതയിൽ പോകുന്നവർക്ക് 1500 രൂപയാണ് പിഴ .

കൂടുതാലും അപകടത്തിൽപ്പെടുന്നതും മരണത്തിൽപ്പെടുന്നതും ബൈക്ക് യാത്രികരാണ് .കാൽനട യാത്രക്കാരും അപകടത്തിൽപ്പെട്ട് മരണപ്പെടുന്നത് കുറവല്ല.ലോക്ക് ഡൗൺ കാരണം നിരവധി പേർ ഇപ്പോഴും ജീവിച്ചിക്കുന്നുണ്ട്.

ജില്ലാ ക്രൈം റെക്കോ‌ർഡ്സ് ബ്യൂറോ ,കണ്ണൂർ