excise-

കണ്ണൂർ: ഉള്ളിച്ചാക്കുകൾക്കിടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ പിടിച്ചെടുത്ത ഉള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സാമൂഹ്യ അടുക്കളയ്ക്ക് തുല്യമായി വീതിച്ചു നൽകി. മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി 19 മൈലിൽ നിന്നാണ് പച്ചക്കറി എന്ന വ്യാജേന 25 ചാക്കുകളിലായി കടത്തുകയായിരുന്ന 50,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മൈസൂർ നിന്ന് വയനാട് വഴി ബൊലേറ പിക് അപ്പ് വാഹനത്തിൽ ഉള്ളി ചാക്കുകൾക്ക് അടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

എക്സൈസ് പാർട്ടിയെ കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. മട്ടന്നൂർ ,ഇരിട്ടി നഗരസഭകളിലും കൂടാളി, കീഴല്ലൂർ, തില്ലങ്കേരി, മുഴക്കുന്ന്, പടിയൂർ എന്നിവിടങ്ങളിലെ എക്സൈസ് ഓഫീസിന്റെ കീഴിലുള്ള സാമൂഹ്യ അടുക്കളകൾക്കാണ് പിടിച്ചെടുത്ത ഉള്ളി എത്തിച്ചു നൽകിയത്.