case-diary-

കാസർകോട്: ലോക്ക് ഡൗൺ നിർദേശങ്ങൾ പരസ്യമായി ലംഘിക്കുന്ന വിവരം അധികൃതരെ അറിയിച്ചതിന്റെ വിരോധത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനും വീട്ടുകാർക്കും നേരെ വധഭീഷണി മുഴക്കിയ ഏഴു പേർ ബേക്കൽ പൊലീസ് പിടിയിലായി. ബേക്കൽ ശ്രീകുറുംബാ ക്ഷേത്രം പരിധിയിലെ തമ്പുരാൻ വളപ്പ് സ്വദേശിനിയായ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി നഴ്‌സിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബേക്കലിലെ ഇവരുടെ വീടിനടുത്ത മൈതാനത്ത് അമ്പതോളം വരുന്ന സംഘം കൂട്ടം കൂടി നില്‍കുകയും ക്രിക്കറ്റ് ഉൾപ്പെടെയുള്ള കളികളിൽ ഏർപ്പെടുകയും ചെയ്തവരോട് ഇത് പാടില്ലെന്നായിരുന്നു ആദ്യ ദിവസം യുവതി അഭ്യർത്ഥിച്ചത്. പിറ്റേന്ന് വീണ്ടും ആവർത്തിച്ചപ്പോൾ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെത്തി നിയമം ലംഘിക്കാതെ പിന്മാറണമെന്ന് പറഞ്ഞെങ്കിലും അനുസരിച്ചില്ല. പിന്നീടാണ് യുവതി ബേക്കൽ പൊലീസിനെ വിവരം അറിയിച്ചത്.

പൊലീസെത്തി ഗ്രൗണ്ടിൽ കൂടിനിന്നവരെ വിരട്ടിയോടിച്ചു. ഇതേ തുടർന്നു ഒരു സംഘം അവരുടെ വീട്ടുകാരോടൊപ്പം നഴ്സിന്റെ വീട്ടിലെത്തി യുവതിയെയും അച്ഛനെയും അപായപ്പെടുത്തുമെന്നും വാഹനം കടലിൽ തള്ളുമെന്നും ഭീഷണിപ്പെടുത്തി മടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം നഴ്‌സ് പൊലീസിൽ ഏല്പിച്ചു. കഴിഞ്ഞ ദിവസം സംഘത്തിൽ പ്രധാനിയായ രാജൻ എന്നയാൾ ആൾക്കൂട്ടത്തിൽ വച്ച്‌ യുവതിയെ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. തനിക്കും കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാൽ അതിന് തന്നെ ഭീഷണിപ്പെടുത്തിയ ഈ സംഘമായിരിക്കും ഉത്തരവാദികളെന്ന് പറഞ്ഞ് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി.

ഈ സംഭാഷണം തന്റെ മരണമൊഴിയായി കണക്കാക്കാമെന്നും വൈകാരികമായി യുവതി വീഡിയോയിൽ പറയുന്നുണ്ട്. കൊവിഡ് പടരുന്ന കാലത്ത് നല്ലകാര്യമാണ് ചെയ്തതെന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന് പൊലീസ് പറഞ്ഞിരുന്നതായും വീഡിയോയിൽ യുവതി വെളിപ്പെടുത്തുന്നുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയ ബേക്കൽ പൊലീസ്, യുവതിയുടെ വീട്ടിൽ എത്തി അതിക്രമം കാണിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തിൽ തിരിച്ചറിഞ്ഞ ഏഴ് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്.