കണ്ണൂർ: ലോക്ക്ഡൗണിനിടെ കാറിൽ 'ചെയർമാൻ" ബോർഡുമായി കറങ്ങിനടന്നയാളെ പൊലീസ് പിടികൂടി.
'ചെയർമാൻ കേരള പൗൾട്രി ഡവലപ്‌മെന്റ് കൗൺസിൽ" എന്ന പേരിൽ ബോർഡ് വച്ച് കണ്ണൂർ ടൗണിൽ കറങ്ങിയ തിലാനൂർ സ്വദേശി പാറയിൽ ബാബു (44) ആണ് പിടിയിലായത്. ഇയാൾ തന്നെ രൂപംകൊടുത്ത സംഘടനയുടെ ചെയർമാനെന്ന നിലയിൽ കാറിന് ബോർഡ് വച്ച് പൊതുസമൂഹത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ലോക്ക്ഡൗണിൽ ബോർഡ് കാരണം പലപ്പോഴും ഇയാൾ രക്ഷപ്പെടുകയായിരുന്നു. മാർക്കറ്റിലും മറ്റും ഈ ബോർഡുമായി എത്തി. ബുധനാഴ്ച വൈകിട്ടാണ് പൊലീസിന്റെ പിടിയിലാകുന്നത്. കണ്ണൂരിൽ ബാങ്കുകളിൽ വ്യാജരേഖ പണയപ്പെടുത്തി വായ്പവാങ്ങിയ കേസിലും ഇയാൾ പ്രതിയായിരുന്നുവെന്ന് ടൗൺ പൊലീസ് അറിയിച്ചു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
കാർ ഇയാളുടെ സഹായിയുടെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. കാറിന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ബോർഡ് വച്ചതിന് ഇയാളുടെ പേരിൽ കേസെടുക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.