തൃക്കരിപ്പൂർ : ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തിൽ തൃക്കരിപ്പൂരിലും പരിസരങ്ങളിലും ഇന്നലെയും മിന്നൽ പരിശോധന. പഴകിയ ബേക്കറി ഉൽപ്പന്നങ്ങളും ഫോർമാലിൻ കലർത്തിയ മത്തിയും പിടിച്ചെടുത്തു. ഇന്നലെ രാവിലെ തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തിലുള്ള ബേക്കറികളിൽ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്തത്.തുടർന്ന് ഈ കട അടപ്പിക്കുകയും ചെയ്തു.
പൂപ്പൽ പിടിച്ച രീതിയിലാണ് ബേക്കറി ഉൽപ്പന്നങ്ങൾ കാണപ്പെട്ടത്.നടക്കാവിൽ വിൽപ്പന നടത്തുകയായിരുന്ന 30 കിലോ മത്തിയും പിടിച്ചെടുത്തു. പരിശോധനയിൽ ഇവ ഫോർമാലിൻ കലർത്തിയതായി മനസ്സിലായതിനെ തുടർന്നാണ് നടപടി.ഭക്ഷ്യയോഗ്യമല്ലാത്ത ഈ മീൻ നശിപ്പിക്കുകയും ചെയ്തു. രാവിലെ കണ്ണൂർ ഭാഗത്തു നിന്നും വരുന്ന ഫ്രീസർ ലോറിയിൽ നിന്നാണ് രാസപദാർത്ഥം കലർത്തിയ മീൻ വിൽപ്പനക്കാരായ തൊഴിലാളികൾക്ക് വിൽക്കുന്നത്. ഫ്രീസർ കണ്ടൈനിലെ മീൻ തീരുന്നതുവരെ ഓരോ മാർക്കറ്റുകളിലും ഇറക്കിക്കൊണ്ടുപോവുകയാണ് ചെയ്തു വരുന്നത്. തമിഴ്നാടടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും മാസങ്ങൾക്ക് മുമ്പായി പിടിച്ചെടുത്ത മീനുകളുമായെത്തുന്ന ഫ്രീസർ ലോറികളെ ചെക്ക് പോസ്റ്റുകളിൽ വെച്ച് കർശനമായ പരിശോധനക്ക് വിധേയമാക്കാൻ അധികൃതർ കാണിക്കുന്ന അലസതയാണ് ഭക്ഷ്യയോഗ്യമല്ലാത്ത മീനുകൾ ഓരോ മാർക്കറ്റുകളിലും എത്താൻ കാരണമെന്ന് ആക്ഷേപമുണ്ട്. പകരം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന മത്സ്യതൊഴിലാളികളുടെ സാമ്പത്തിക നഷ്ടത്തിന് ഇടയാവുകയാണ് ചെയ്യുന്നതെന്നും മത്സ്യവിൽപ്പന തൊഴിലാളികൾ പറയുന്നു.
കഴിഞ്ഞ ദിവസവും തൃക്കരിപ്പൂർ മാർക്കറ്റിൽ നിന്നും പഴകിയ അയല ആരോഗ്യ വകുപ്പധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ്,ജെ.എച്ച്.ഐ രാജേഷ്, പഞ്ചായത്ത് സെക്രട്ടറി പി.പി. ഉഷ, ജെ.എച്ച്.ഐ തോമസ്, തൃക്കരിപ്പൂർ നോർത്ത് വില്ലേജ് ഓഫീസർ അശോകൻ, ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.