കാസർകോട്: കൊവിഡ് 19 നെ തുരുത്താനുള്ള ഉദ്യമത്തിൽ ലോകം മുഴുവനും പങ്കു ചേരുമ്പോൾ നിശബ്ദമായി ഇവയ്‌ക്കെതിരെ പോരാടുന്ന ഒരുകൂട്ടരുണ്ട് . പെരിയ കേന്ദ്ര സർവ്വകലാശാലയിൽ പ്രത്യേകം സജ്ജമാക്കിയ കൊവിഡ് ലാബിലെ നെടുംതൂണുകളായ അദ്ധ്യാപകരും റിസർച്ച് സ്‌കോളർമാരും മെഡിക്കൽ ലാബ് ടെക്നീഷ്യൻമാരും .സമയ വ്യത്യാസമില്ലാതെ കൊവിഡ്19 നെ നിർണ്ണയിക്കുന്ന സ്രവ പരിശോധനയിൽ വ്യാപൃതരാണ് ഇവർ.
പി.പി.ഇ കിറ്റ് അണിഞ്ഞ് മണിക്കൂറുകളോളം ലാബിലെ സ്രവ പരിശോധനയിൽ സജീവമാകുന്നവരാണിവർ നിർണ്ണയ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇവരിൽ പലരും വീടുകളിലേക്ക് പോകാറില്ല. ലാബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കേന്ദ്ര സർവ്വകലാശാലയിലെ ബയോ കെമിസ്ട്രി ആന്റ് മോളിക്യൂലർ ബയോളജി വകുപ്പ് തലവൻ ഡോ രാജേന്ദ്ര പിലാക്കട്ടയാണ്. ബയോ കെമിസ്ട്രി ആൻഡ് മോളിക്യൂലർ ബയോളജി വകുപ്പ് അദ്ധ്യാപകരായ ഡോ .വി.ബി.സമീർമാർ ,ഡോ അശ്വതി ആർ നായർ, റിസർച്ച് സ്‌കോളർമാരായ രഞ്ജിത്ത് ഡംഗ് ഡംഗ്, വി. ലളിക,,ജെ. പ്രജിത്, ആർ. വിഷ്ണു, സർവ്വകലാശാലയിലെ ലാബ് ടെക്നീഷ്യമാരായ യു .രതീഷ്, ആർ. രാജേഷ് ആരോഗ്യ വകുപ്പ് നിയോഗിച്ച മറ്റ് മൂന്ന് ലാബ് ടെക്നീഷ്യൻമാർ, സാങ്കേതിക പരിജ്ഞാനമുള്ള സന്നദ്ധ പ്രവർത്തകൻ എന്നിവരാണ് ലാബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്നത്. ആരോഗ്യ വകുപ്പ് പരിശോധനയക്ക് കൈമാറുന്ന സ്രവം ആർ.ടി.പി .സി.ആർ. മെഷിൻ വഴി ആറു മുതൽ ഏഴ് മണിക്കൂർ വരെ ഉപയോഗിച്ചാണ് ഫലം നിർണ്ണയിക്കുന്നത്.ആദ്യപരിശോധനയിൽ പോസറ്റീവ് ആകുന്ന സാമ്പിൾ വീണ്ടും രണ്ടര മണിക്കൂർ ഉപയോഗിച്ച് പരിശോധിച്ച് ഫലം ഉറപ്പിക്കും.