കാസർകോട്: കണ്ണൂർ, കാസർകോട് മേഖലകളിലെ രോഗികളെ ഹെലികോപ്ടർ മാർഗം കേരളത്തിലെ മികച്ച ആശുപത്രികളിലെത്തിച്ച് ചികിത്സിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സൂചിപ്പിച്ചത്.ലോക്ക് ഡൗണിന്റെ പേരിൽ കർണാടക അതിർത്തി കടത്തി വിടാത്തതു കാരണം വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ കാസർകോട്ടുകാരായ 13 പേർ മരിച്ചിരുന്നു. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് അതിർത്തി വിലക്ക് നീക്കി മംഗളൂരു മേഖലയിലെ ആശുപത്രികളിലെത്തിയ കാസർകോടുകാർക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം കൂടി വന്നതോടെയാണ് കേരളത്തിലെ മറ്റ് ആശുപത്രികളിൽ രോഗികളെ എത്തിക്കാൻ സർക്കാർ ആലോചിക്കുന്നത്.
മെഡിക്കൽ സംഘം പരിശോധന നടത്തി അതിർത്തി കടത്തി വിട്ട മൂന്ന് രോഗികളിൽ രണ്ടുപേരും വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം തിരിച്ചു വന്നിരുന്നു. കാസർകോട് തളങ്കരയിലെ തസ്ലീമ, കണ്ണൂർ പഴയങ്ങാടിയിലെ റെനീഷ എന്നിവരാണ് മടങ്ങിയത്. ചെങ്ങന്നൂർ സ്വദേശിനിയായ യുവതിക്കും മംഗളുരു ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു. യുവതിക്ക് ചികിത്സ ലഭിക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനിടെ ഉപ്പള സ്വദേശിനിയായ സ്ത്രീയെ അതിർത്തി കടത്തിയശേഷം ഇന്നലെ കൊവിഡ് ലക്ഷണം ഉണ്ടെന്ന് ആരോപിച്ച് വെൻലോക് കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വിവാദമായിട്ടുണ്ട്.