മാഹി: കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനായി മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്ത് വാറ്റ് ഏർപ്പെടുത്തി.പെട്രോളിന് 22.15 ശതമാനവും, ഡീസലിന് 18.15 ശതമാനവും ടാക്സ് ഏർപ്പെടുത്തിയിട്ടുള്ളത്.ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ഈ തുക ആരോഗ്യ കുടുംബക്ഷേമ വകുപ്പിലേക്ക് നൽകും.
തിറ മഹോത്സവം മാറ്റി വച്ചു
തലശ്ശേരി: ഏപ്രിൽ 14 മുതൽ 17 വരെ നടത്താനിരുന്ന നിടുംങ്ങോട്ട് കാവ് തിറ മഹോത്സവം മാറ്റി വച്ചു. കൊവിഡ് വ്യാപന മുൻ കരുതലിന്റെ ഭാഗമായാണ് മാറ്റിയതെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കാൻസർ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകും
തലശ്ശേരി :കൊവിഡ് 19 നെ പ്രതിരോോധിക്കുന്നതിന്റെ ഭാാഗമായി ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമായ ക്യാൻസർ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകുമെന്ന് സെന്റർ അധികൃതർ അറിയിച്ചു.
അതാതു വിഭാഗങ്ങളിലെ ഡോക്ടർമാർ അത് പരിശോധിച്ച ശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുകയും അതനുസരിച്ചുള്ള മരുന്നുകൾ രോഗികൾക്ക് വീടുകളിലേക്ക് എത്തിക്കും . രോഗികൾക്ക് ഓൺലൈൻ പണമിടപാട് എം.സി.സി അക്കൗണ്ടിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ , യു. പി .ഐ ആപ്പ് വഴിയോ ചെയ്യാം.മരുന്നിനായി ആവശ്യപ്പെടുന്ന രോഗികൾക്ക് ഇതിനെ കുറിച്ചുള്ള നിർദ്ദേശങ്ങൾ എം .സി .സി പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ നിന്നും നൽകും .കാലത്ത് 9 മുതൽ വൈകിട്ട് 5 വരെ സേവനം ലഭിക്കും.ഫോൺ:04902399241/04902399203 .
അക്കൗണ്ട് നമ്പർ 1154104000017958
കഞ്ചാവ് ചെടികൾ കണ്ടെത്തി.
തലശ്ശേരി:തലശ്ശേരിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ഏഴ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. രണ്ട് വലിയ ചെടികളും അഞ്ച് ചെറിയ ചെടികളുമാണ് കണ്ടെത്തിയത്.പുന്നോൽ പെട്ടി പാലം കോളനിക്ക് സമീപത്തെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തലശ്ശേരി എക്‌സൈസ് പ്രവന്റീവ് ഓഫീസർ അഡോൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു.ഷെനിത്ത് രാജ്, സെമീർ കെ.കെ., ലെനിൻ എഡ്വേർഡ് ,ജിജീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
അതേസമയം ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ വാഹന പരിശോധനകൾ കർശനമാക്കിയതായി തലശ്ശേരി എക്‌സൈസ് അധികൃതർ അറിയിച്ചു.
മുഴുവൻ ശമ്പളവും നൽകണം
മാഹി : മാഹിയിലുള്ള എല്ലാ വ്യാപാരി വ്യവസായ സ്ഥാപനങ്ങളിലേയും മുഴുവൻ തൊഴിലാളികൾക്കും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതലുള്ള മുഴുവൻ ദിവസത്തെ ശമ്പളവും നൽകാൻ പുതുശ്ശേരി ലേബർ കമ്മീഷണർ ഉത്തരവിട്ടതായി മാഹി ലേബർ ഓഫീസിൽ നിന്നും അറിയിച്ചു.
പുസ്തകങ്ങൾ കൈമാറി.
തലശ്ശേരി : മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം തലശ്ശേരി ജനമൈത്രി പൊലീസും സ്‌പോർട്ടിംഗ് യൂത്ത് ലൈബ്രറി തിരുവങ്ങാടും സംയുക്തമായി തിരുവങ്ങാട് പ്രദേശത്തുള്ള വീടുകളിൽ സ്‌പോർട്ടിംഗ് യൂത്ത് ലൈബ്രറിയിലെ വിവിധ പുസ്തകങ്ങൾ കൈമാറി .
തലശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. എം ഷിബു, കെ.വി.ജാഫർ ഷെരീഫ് , ലൈബ്രറി സെക്രട്ടറി സി.വി.സുധാകരൻ , ലൈബ്രേറിയൻ വി.പി. സംഗീതയും ചേർന്ന് വായനാ ശീലമുള്ള ആളുകളുടെ വീടുകളിൽ എത്തിച്ചു കൊടുത്തത്.ആദ്യ പുസ്തകം മുതിർന്ന പൗരനായ തിരുവങ്ങാട് കളത്തിൽ വീട്ടിൽ
തങ്കം ഭാസ്‌കരന് കൈമാറി.
മാഹിയിൽ സി.എച്ച്.സെന്ററിന് വിശ്രമമില്ല
മാഹി: പതിവ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമെ കൊറോണ ലോക് ഡൗൺ കാലം കൂടി വതോടെ മയ്യഴിയിലെ പ്രമുഖ ജീവകാരുണ്യ സാന്ത്വന പ്രസ്ഥാനമായ സി.എച്ച്.സെന്റർ പ്രവർത്തകർക്ക് വിശ്രമമില്ലാതായി. ജാതി മത ഭേദമെന്യേകിടപ്പു രോഗികളെ വീടുകൾ സന്ദർശിച്ച് പരിചരണവും, മരുന്നും ലഭ്യമാക്കുതോടൊപ്പം, നിരാലംബരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ എത്തിക്കുകയും ചെയ്യുകയാണ് ഈ സന്നദ്ധപ്രവർത്തകർ. കൊറോണക്കാലമായതോടെ പരിചരണ മേഖല വിപുലമായി. മാഹി ഗവ: ആശുപത്രി ജീവനക്കാരോടൊപ്പമാണ് സി.എച്ച്.സെന്റർ പ്രസിഡന്റ് എ.വി.യൂസഫിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം സേവനവഴികളിൽ കർമ്മനിരതമാകുന്നത്.
ചിത്രവിവരണം: എ.വി.യൂസഫ് സന്നദ്ധ സേവകർക്കൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിൽ
നിധിൻലാലിന് തുണയായി പൂർവ വിദ്യാർത്ഥി കൂട്ടായ്മ
തലശേരി: മഞ്ഞപ്പിത്തം ബാധിച്ച വിദ്യാർത്ഥിക്ക് സഹായഹസ്തവുമായി എൻ.ടി.ടി.എഫ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.
വടക്കേ പൊയിലൂരിലെ നിർദ്ധന കുടുംബത്തിലെ അംഗമായ നിധിൻലാൽ എന്ന വിദ്യാർത്ഥിക്കാണ് സഹായം നൽകിയത്.
തലശ്ശേരി എൻ ടി ടി എഫ് 2013 - 16 ബാച്ചിലെ വിദ്യാർത്ഥികളുടെ വാട്സപ്പ് കൂട്ടായ്മയാണ് 14,601 രൂപ നിധിൻ ലാലിന്റെ ചികിത്സയ്ക്കായി നൽകിയത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിധിലാലിന്റെ ജീവൻ നിലനിർത്തുന്നത്.
കൊറോണയുമായി ബന്ധപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചികിത്സ ചിലവ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് എൻ .ടി .ടി. എഫിലെ പൂർവ്വ വിദ്യാർത്ഥികൾ അവരുടെ സൗഹൃദ കൂട്ടായാമയയിലൂടെ ധനം സമാഹരിച്ച് നൽകിയത്.സി.പി. വരുൺ , നിഖിൽ പ്രമോദ്, ബിനിത്ത് നാഥ്, മിഥുൻ രാജ് എന്നിവർ നേതൃത്വം നൽകി. നിധിൻ ലാലിന്റെ ചികിത്സയ്ക്കും മറ്റുമായി ഏകദേശം 30 ലക്ഷം രൂപ ചെലവു വരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. നാട്ടിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു.