കണ്ണൂർ: 14 ദിവസം കൊവിഡ് 19 രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കൊവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കൽ സംഘത്തിലെ 34 പേർ. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങാതെ തുടർച്ചയായ ദിവസങ്ങളിൽ 12 മണിക്കൂറോളം ജോലി ചെയ്തതിന്റെ പ്രയാസങ്ങൾക്കു പകരം ഒരു മഹാമാരിയെ വിജയകരമായി നേരിട്ട് 11 പേരെ രോഗമുക്തരാക്കി അയക്കാനായതിന്റെ നിർവൃതിയായിരുന്നു അവരുടെ മുഖത്ത്.

മാർച്ച് 27 നാണ് അഞ്ചരക്കണ്ടി ആശുപത്രിയിൽ മെഡിക്കൽ സംഘത്തിലെ ആദ്യ ബാച്ച് സേവനം തുടങ്ങിയത്. തൊട്ടുമുമ്പത്തെ ദിവസം പ്രത്യേക ഉത്തരവിലൂടെ ജില്ലാ കളക്ടർ ഏറ്റെടുത്ത ആശുപത്രിയിൽ ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിലും ഇവർ തന്നെയായിരുന്നു മുമ്പിൽ. അതിനു ശേഷമുള്ള 14 ദിവസങ്ങൾ ശരിക്കും പോരാട്ടത്തിന്റെതായിരുന്നു. സ്വന്തക്കാരെ കുറിച്ചുള്ള വേവലാതികളെല്ലാം മാറ്റിവച്ച് രോഗീപരിചരണത്തിനായി മാത്രം സമർപ്പിച്ച ദിനരാത്രങ്ങൾ. ചെറിയൊരു അശ്രദ്ധ പോലും വൻ ദുരന്തത്തിൽ കലാശിച്ചേക്കാമെന്ന ഭീതിക്കിടയിലും ആത്മവിശ്വാസത്തോടെയും ആത്മസമർപ്പണത്തോടെയും തങ്ങളിലേൽപ്പിക്കപ്പെട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കാനായതിന്റെ സന്തോഷത്തിലാണവർ. ഡോക്ടർമാർ മുതൽ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവെന്നതാണ് വിജയരഹസ്യമെന്ന് അവർ പറയുന്നു.
ഏഴു ഡോക്ടർമാർ, ഒരു ഹെഡ് നഴ്‌സ്, ഒൻപത് സ്റ്റാഫ് നഴ്‌സുമാർ, ഒൻപത് നഴ്‌സിംഗ് അസിസ്റ്റന്റുമാർ, അഞ്ചു ഗ്രേഡ് 2 ജീവനക്കാർ, രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഒരു ഫാർമസിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂർ നഗരത്തിലെ ക്ലൈഫോർഡ് ഹോട്ടലിലേക്ക് തിരിച്ചത്.

സഹപ്രവർത്തകർ കൈയടിച്ചും സുരക്ഷാ ജീവനക്കാർ സല്യൂട്ട് നൽകിയുമാണ് ഇവരെ യാത്രയാക്കിയത്.

അത്ര സുഖമുള്ള ഏർപ്പാടല്ല
കൊവിഡ് ചികിത്സ അത്ര സുഖമുള്ള ഏർപ്പാടായിരുന്നില്ലെന്ന് ആശുപത്രിയിലെ കാര്യങ്ങൾ ഏകോപ്പിക്കുന്ന നോഡൽ ഓഫീസർ ഡോ. സി അജിത്ത് കുമാർ പറയുന്നു. കാരണം കൊറോണ രോഗിയെ പരിചരിക്കുന്നവർ ധരിക്കേണ്ട പി.പി.ഇ കിറ്റ് തന്നെ വലിയ വെല്ലുവിളിയാണ്. ഇതു ധരിക്കാൻ തന്നെ വേണം 20 മിനിട്ടിലേറെ സമയം. സാധാരണ വസ്ത്രത്തിൽ പോലും വിയർത്തൊലിക്കുന്ന ഈ ചൂടിൽ കാറ്റ് അകത്തുകടക്കാൻ ഒരു ചെറു സുഷിരം പോലുമില്ലാത്ത ഈ ഡ്രസ്സ് ധരിച്ചാലുള്ള അവസ്ഥ ആലോചിച്ചാൽ മതി. മാത്രമല്ല, ഇത് ധരിച്ച ശേഷം അഴിക്കുന്നതു വരെയുള്ള നാലിലേറെ മണിക്കൂർ വെള്ളം കുടിക്കാൻ പോലും സാധിക്കില്ല. ഏതായാലും എല്ലാ വെല്ലുവിളികളും സന്തോഷത്തോടെ സ്വീകരിച്ചാണ് ആദ്യ മെഡിക്കൽ സംഘം ക്വാറന്റൈനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.