കാസർകോട്: അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച ലിറ്റർകണക്കിന് ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഒരു ബാറിൽ നിന്ന് പുറത്തുകടത്തിയതാണെന്ന് സൂചന. ലോക്ക് ഡൗൺ വീണ്ടും നീട്ടാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞതോടെ ബാറിൽ നിന്ന് വിദേശ മദ്യം അനധികൃത മദ്യവില്പനക്കാർക്ക് കൈമാറുകയായിരുന്നുവത്രേ. കാസർകോട് ജില്ലയിലെ നെല്ലിക്കാട്ട് സ്വദേശിയിൽ നിന്ന് പിടിച്ചെടുത്ത വിദേശ മദ്യം കേരള സർക്കാരിന്റെ ഡിസ്റ്റിലറിയിൽ നിന്ന് ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നതാണ്. പിടിച്ചെടുത്ത മദ്യക്കുപ്പികളുടെ മുകളിൽ പതിച്ച 'ഹോളോഗ്രാം' സ്റ്റിക്കർ പറിച്ചു മാറ്റിയ നിലയിൽ ആയിരുന്നു. ഓരോ ബാറുകളിലേക്കും പ്രത്യേകം സ്റ്റിക്കർ പതിച്ചാണ് മദ്യം വിതരണം ചെയ്യുന്നത്. ഹോളോഗ്രാം സ്റ്റിക്കർ പറിച്ചു മാറ്റിയാൽ ഏത് ബാറിലേക്കുള്ള മദ്യമാണെന്ന് തിരിച്ചറിയുക എളുപ്പമല്ല. ഹോളോഗ്രാം സ്റ്റിക്കർ അടക്കമാണ് മദ്യം പിടികൂടിയതെങ്കിൽ മദ്യം പുറത്തേക്ക് കടത്തിയ ബാറിന്റെ ബാർ ലൈസൻസ്‌ നഷ്ടപ്പെടും. ഇതിൽ നിന്ന് രക്ഷപ്പെടാൻ ആണ് സ്റ്റിക്കർ നീക്കം ചെയ്തത്.

ചെമ്മട്ടംവയലിലെ എക്സൈസ് റേഞ്ച് ഓഫീസിന്റെ മൂക്കിന് താഴെയാണ് ലിറ്റർ കണക്കിന് വിദേശ മദ്യം രഹസ്യമായി സൂക്ഷിച്ചു വെച്ചിരുന്ന വീട്. 500 ലിറ്ററിന്റെ 44 കുപ്പി മദ്യം പിടിച്ചെടുത്തു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ഇവ കർണ്ണാടക, മാഹി, ഗോവ എന്നിവിടങ്ങളിൽ നിന്ന് കടത്തി കൊണ്ടുവന്ന വിദേശ മദ്യം അല്ലെന്ന് കണ്ടെത്തിയിരുന്നു. 1000, 1200 രൂപ വാങ്ങിയാണ് ഇവിടെ നിന്ന് അര ലിറ്റർ മദ്യം വിറ്റിരുന്നത്. കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് എക്‌സൈസ് പറയുന്നത്.