keezhatoor
സന്തോഷ് കീഴാറ്റൂർ കോൾ സെന്ററിൽ

കണ്ണൂർ: കൊവിഡിനെ നേരിടാനുള്ള വോളന്റിയർ സേനയിൽ കണ്ണൂരിൽ പ്രമുഖരുടെ നീണ്ടനിര. ഗായിക സയനോര, സന്തോഷ് കീഴാറ്റൂർ, ഫുട്ബോൾതാരം സി.കെ വിനീത് തുടങ്ങിയ പ്രമുഖരോടൊപ്പം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കണ്ണിചേരുന്നുണ്ട്.

അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കുന്ന ഹോം ഡെലിവറി പദ്ധതിയിൽ വോളന്റിയർമാരായാണ് ഇവർ പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ തുടങ്ങിയ കോൾ സെന്ററിൽ സേവനം നടത്താനാണ് ഇവരെത്തുന്നത്. കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്ന സഹായ കേന്ദ്രമാണിത്. ഇവിടത്തെ നമ്പറുകളലേക്ക് വിളിച്ചാൽ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മരുന്നും വീട്ടിലെത്തും. ഇതിനായി സജ്ജമാക്കിയ കോൾ സെന്ററിലാണ് വോളന്റിയർമാരായി ഇവരെത്തുന്നത്.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാ ജഡ്ജി ടി. ഇന്ദിര തുടങ്ങിയ നിരവധി പ്രമുഖരും കോൾ സെന്ററിൽ സന്നദ്ധ സേവനത്തിന് എത്തുന്നുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയതു മുതൽ സി.കെ വിനീത് ഇവിടെ വോളന്റിയറായുണ്ട്. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കോൾ സെന്ററിന്റെ പ്രവർത്തനം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഫോണിൽ വിളിച്ച് പറയുകയോ അയച്ചു കൊടുക്കുകയോ ചെയ്യാം. 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും. സ്‌പോർട്സ് കൗൺസിലിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സഹായത്തോടെയാണ് ഹോം ഡെലിവറി സംവിധാനം പ്രവർത്തിക്കുന്നത്.