കണ്ണൂർ: കൊവിഡ് 19 ഭീതിയിൽ ബിവറേജ് ഔട്ട്‌ലെറ്റുകളും കള്ള്ഷാപ്പുകളും പൂട്ടിട്ടത് അവസരമാക്കി വ്യാജ ചാരായ നിർമ്മാണം പൊടി പൊടിക്കുന്നു. ഇതുവരെ കാണാത്ത വിധം കുടിൽ വ്യവസായം പോലെയാണ് മുക്കിനും മൂലയിലും നിർമ്മാണം. ലോക്ക്ഡൗണിന് ശേഷം കണ്ണൂർ ജില്ലയിലെ എക്സൈസ് മാത്രം 5,739 ലിറ്റർ വാഷ് പിടികൂടി. വാറ്റിയെടുത്ത ചാരായം 34. 200 ലിറ്ററാണ് പിടിച്ചത്. ഇതിന് മാർക്കറ്റിൽ അരലക്ഷത്തിന് മേൽപ്പോട്ടാണ് വില.

അതേസമയം നാട്ടിലെ മലമുകളിലും ആളൊഴിഞ്ഞ പറമ്പിലുമൊക്കെ വാറ്റുന്നതിന്റെ പത്ത് ശതമാനം പോലും എക്സൈസ് അറിയുന്നില്ലെന്നതാണ് വസ്തുത. ബിവറേജ് ഔട്ട്ലെറ്റുകൾക്ക് താഴിട്ടതോടെ സജീവമാകുന്ന വ്യാജ വാറ്റുകൾ മദ്യ ദുരന്തത്തിന് ഇടയാക്കിയേക്കുമോ എന്നാണ് ആശങ്ക. കണ്ണൂരിൽ ലോക്ക് ഡൗൺ കാലത്ത് 452 റെയ്ഡ് നടത്തിയതിൽ 62 അബ്കാരി കേസുൾപ്പെടെ രജിസ്റ്റർ ചെയ്തു. പതിനൊന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വാറ്റാൻ അടുപ്പിൽ സൂക്ഷിച്ച നിലയിൽ 25 ലിറ്റർ വാഷും കണ്ടെത്തി. ഒൻപത് ലിറ്റർ കള്ള്, 375 മില്ലി ഐ.എം.എഫ്.എൽ, 55 ഗ്രാം കഞ്ചാവ്, ഏഴ് കഞ്ചാവ് ചെടി, 342.5 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നം എന്നിവ പിടിച്ചെടുത്തു. 406 വാഹന പരിശോധന നടത്തിയതിൽ ഒരു വാഹനമാണ് പിടിച്ചെടുത്തത്. 20 കോളനികളിൽ റെയ്ഡ് നടത്തി. 3629 ലിറ്റർ കള്ള്‌ നശിപ്പിച്ചു.

അതേസമയം തീയും പുകയും ശ്രദ്ധയിൽ പെടാതിരിക്കാൻ വിറകിന് പകരം ഗ്യാസ് ഉപയോഗിക്കുന്നതാണ് വ്യാജവാറ്റിന്റെ പുതിയ രീതി. ഇന്നലെ കണ്ണൂരിൽ നടത്തിയ റെയ്ഡിൽ ഗ്യാസ് സ്റ്റൗ, സിലിണ്ടർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിൽ ഇന്നലെ പേരാവൂരിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പേരാവൂരിൽ അഞ്ച് ലിറ്റർ ചാരായവും 55 ലിറ്റർ വാഷുമായി കണിച്ചാർ സ്വദേശി ശിവദാസനെ (50) എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിത്ത് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് നിന്നും 20 ലിറ്റർ വാഷുമായി നണിയൂർ നമ്പ്രം സ്വദേശി രാജേഷിനെയും (38) അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ സഥലങ്ങളിൽ പിണറായി കീഴത്തൂരിൽ 200 ലിറ്റർ വാഷ്, കൂത്തുപറമ്പ് ചെറുവാഞ്ചേരി നൂറ് ലിറ്റർ വാഷ്, കാഞ്ഞിലേരി 170 ലിറ്റർ, കണ്ടോത്തുംവയൽ 100 ലിറ്റർ വാഷ് എന്നിവയും പിടിച്ചെടുത്തു. ആകെ 725 ലിറ്റർ വാഷാണ് ഇന്നലെ മാത്രം കണ്ണൂരിൽ പിടിച്ചെടുത്തത്.