കാസർകോട്: കൊവിഡ് ഭീതിക്കിടയിലും അതീവരഹസ്യമായി നടത്തിവന്നിരുന്ന മണൽകടത്ത് ആദൂർ സി.ഐ കെ പ്രേംസദനും സംഘവും പിടികൂടി. രാത്രിയുടെ മറവിൽ മണൽ കടത്താൻ ഉപയോഗിച്ച നമ്പർപ്ലേറ്റ് ഇല്ലാത്ത ടിപ്പർ ലോറി പിടിച്ചെടുത്തു. മറ്റൊരു ടിപ്പർ ലോറിയുമായി ഒരു സംഘം രക്ഷപ്പെട്ടു. പിടിച്ചെടുത്ത ലോറിയുടെ ഡ്രൈവർ, മണൽ റോഡരികിൽ തട്ടിയശേഷം ലോറി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
ബോവിക്കാനം പൊവ്വലിനടുത്ത മണൽകടത്തിന് പേരുകേട്ട ആലൂർ കടവിൽ നിന്നാണ് കൊവിഡ് കാലത്തും മണൽ കടത്തുന്നത്. പകൽ മുഴുവൻ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർ രാത്രിയിൽ പൊതുവെ കുറവായിരിക്കും. ഈ അവസരം മുതലെടുത്താണ് വ്യാപകമായി മണൽ കടത്തുന്നത്. രണ്ട് ദിവസം മുമ്പ് വിവരം ലഭിച്ച സി.ഐയും സംഘവും ഇന്നലെ രാത്രി കാത്തിരുന്നാണ് മണൽ കടത്ത് പിടികൂടിയത്. ആലൂർ പുഴയിൽ നിന്ന് തോണിയിൽ കടത്തി കൊണ്ടുവരുന്ന മണൽ ജെ.സി.ബി ഉപയോഗിച്ച് ടിപ്പർ ലോറികളിൽ നിറച്ചു കടത്തുകയാണ്. മൂന്നംഗസംഘത്തിന്റെ നേതൃത്വത്തിലാണ് കടത്ത് നടക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആലൂർ കടവിൽ നേരത്തെ മണൽവേട്ട നടത്തിയിരുന്നു. സി.ഐയുടെ കൂടെ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.