കണ്ണൂർ: ഇന്ത്യയുടെ ധാന്യക്കലവറയാണ് പഞ്ചാബ്. അഞ്ച് നദികൾ ഒഴുകുന്ന സംസ്ഥാനത്തെ ഫലഭൂയിഷ്ടമായ മണ്ണിൽ ഗോതമ്പ്, നെല്ല്, ചോളം, നിലക്കടല, പയറുവർഗ്ഗങ്ങൾ എന്നിവ സമൃദ്ധമായിരുന്നു. രാജ്യം കൊവിഡ് ഭീതിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അയൽ സംസ്ഥാനങ്ങൾക്ക് സഹായവുമായി എത്തിയതാണ് പഞ്ചാബ്. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ 20 ട്രെയിനുകളിലായി ധാന്യങ്ങൾ കയറ്റി അയച്ചു. 20 സ്‌പെഷ്യൽ ട്രെയിനുകളിലായി 50,000 മെട്രിക് ടൺ അരിയും ഗോതമ്പും അയച്ചതായാണ് ഭക്ഷ്യധാന്യ വിഭവ വകുപ്പ് മന്ത്രി ഭാരത് ഭൂഷൻ അഷു പറഞ്ഞത്. ശത്രുക്കൾക്ക് മുന്നിൽ അവസാന ശ്വാസം വരെ പടപൊരുതുന്ന സിഖ് വീരന്മാരുടെ പാരമ്പര്യമുള്ള ഈ നാടും ഇപ്പോൾ കൊവിഡിനു മുന്നിൽ മുട്ടിടിക്കുകയാണ്.
101 കൊവിഡ് 19 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തതിനിടെ എട്ട് പേരുടെ ജീവൻ നഷ്ടമായി.
എസ്.ബി.എസ് നഗറിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചത്. ഇവിടെ 19 കേസുകളായിട്ടുണ്ട്. ഒരാഴ്ച മുൻപ് പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സുവർണ്ണ ക്ഷേത്രത്തിലെ മുൻ 'ഹുസൂരി രാഗി' ആയിരുന്നു ഇദ്ദേഹം. ഇതിനിടെ ജലന്ധറിൽ രോഗം ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം സംസ്കരിക്കുന്നത് രോഗ വ്യാപനം ഭയന്ന് ജനം തടഞ്ഞു. സംഭവത്തിൽ 60 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. രണ്ട് മണിക്കൂർ നേരം നീണ്ട തർക്കത്തിന് ഒടുവിലായിരുന്നു മൃതദേഹം സംസ്‌കരിക്കാൻ നാട്ടുകാർ സമ്മതിച്ചത്. പഞ്ചാബിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായിട്ടുണ്ട്.
സംസ്കാര ചടങ്ങുകളിൽ ആരോഗ്യമന്ത്രി ബൽബിർ സിംഗും വിദ്യാഭ്യാസ മന്ത്രി ചരൺജിത് സിംഗും പങ്കെടുത്ത് ആണ് ഇവരെ ആശ്വസിപ്പിച്ചത്. ചിലയിടത്ത് മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുന്നുമുണ്ട്. നിർമൽ സിംഗ് ഖൽസയുടെ സംസ്കാരവും അമൃത്‌സറിലെ വെർക ഗ്രാമത്തിൽ ആളുകൾ തടഞ്ഞിരുന്നു.
ഒരാഴ്ച മുൻപ് കൊവിഡ് 19 ബാധിക്കുമെന്ന ഭയത്താൽ ദമ്പതികൾ ജീവനൊടുക്കിയിരുന്നു. സത്യാല ഗ്രാമത്തിൽ താമസിക്കുന്ന ബൽവീന്ദർ സിംഗ് (57), ഭാര്യ ഗുർജിന്ദർ കൗർ (55) എന്നിവരെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിൽ ഇക്കാര്യം രേഖപ്പെടുത്തിയതായി ഡിവൈ.എസ്.പി ബാബ ബക്കല ഹർകൃഷൻ സിംഗ് പറഞ്ഞു.
. ഇതിനിടെ അവശ്യവസ്തുക്കൾ വാങ്ങാൻ സർക്കാർ കൂടുതൽ വിപണനകേന്ദ്രങ്ങളും അങ്ങാടികളും സ്ഥാപിച്ചിട്ടുണ്ട്. ബുദ്ധിമുട്ട് പരിഹരിക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചു. 15 മുതൽ ഗോതമ്പ് സംഭരണത്തിന് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ച് ഫീസ് ആവശ്യപ്പെട്ട സ്വകാര്യ സ്‌കൂളുകൾക്ക് എതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. കേരളത്തേക്കാൾ ജനസംഖ്യ കുറവായ പഞ്ചാബ് ഭക്ഷ്യ സ്വയം പര്യാപ്തതയിലും വ്യാവസായിക രംഗത്തും മുന്നിലാണ്. 50362 ച.കി.മീ ഭൂമിയിൽ ജനസംഖ്യ 24289296 ആണ്. ജനസാന്ദ്രത 482/ച.കി.മീയാണ്.വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. തുണിത്തരങ്ങൾ, തയ്യൽ യന്ത്രം, സ്പോർട്സ് ഉപകരണങ്ങൾ കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, സൈക്കിൾ, പഞ്ചസാര, വളം തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങൾ. 13 ലോക്സഭാ മണ്ഡലങ്ങളും 117 നിയമസഭാ മണ്ഡലങ്ങളും 22 ജില്ലകളും അടങ്ങിയതാണ് പഞ്ചാബ്. സത്ലജ്, രവി, ബിയാസ്, ഝലം, ചിനാബ് എന്നിവയാണ് പ്രധാനപ്പെട്ട അഞ്ചു നദികൾ.