ലക്നൗ: കൊവിഡ് 19 വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ മരത്തിൽ ഏറുമാടം കെട്ടി കഴിയുകയാണ് ഒരു യു.പി സ്വദേശി. അസോധ ഗ്രാമത്തിലെ മുകുൾ ത്യാഗിയാണ് വേറിട്ട മാതൃക കാട്ടിയത്. ആൾക്കാർ തമ്മിൽ അടുത്ത് ഇടപഴകുമ്പോൾ രോഗം വ്യാപിക്കുമെന്നും ഇതാകുമ്പോൾ ആ പേടിയില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്.
ഭക്ഷണത്തിന്റെ സമയം ആകുമ്പോൾ വീട്ടുകാർ എത്തിച്ച് നൽകും. മറ്റാർക്കും ഇതിന്റെ മുകളിൽ കയറാനും അനുമതിയില്ല. ഓരോ ദിവസം കഴിയുന്തോറും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമായി കൊണ്ടിരിക്കെയാണ് ത്യാഗിയുടെ ഏറുമാടം മാതൃക. ഉണങ്ങിയ മരക്കൊമ്പുകൾ കൊണ്ടാണ് ഏറുമാടം കെട്ടിയത്. സാമൂഹ്യ അകലമാണ് ഏക പോംവഴിയെന്നും എല്ലാവരും ഈ മാതൃക പിന്തുടരണമെന്നും മുകുൾ ത്യാഗി പറയുന്നു. പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഒരു അനുഭവമാണ് മനസ്സിലെന്ന് അദ്ദേഹം പറയുന്നു. നല്ല കാറ്റേറ്റ് കിടക്കുന്നതിനാൽ ഉറക്കവും നന്നായി കിട്ടുന്നുണ്ട്.