കാസർകോട്: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക് ഡൗൺ ഉത്തരവും ജില്ലാ കളക്ടറുടെ നിരോധനാഞ്ജയും ലംഘിച്ച് കൊണ്ട്, പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ സാമൂഹ്യ അകലം പാലിക്കാതെയും കൂട്ടംചേർന്നതായി കാണപ്പെട്ട അഞ്ച് യുവാക്കളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
നിഖിൽ രാജ് (24), അമ്മങ്കോട്, ശ്രീജിൻ കുമാർ (18) , മലങ്കാട്, വിഷ്ണു (22 ), പെരിയത്ത്, മണികണ്ഠൻ( 22), മരുതടുക്കം, അജീഷ് (22), ബേഡകം എന്നിവരെയാണ് ബേഡകം ഇൻസ്‌പെക്ടർ ടി ഉത്തംദാസിന്റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘം ഉപയോഗിച്ചിരുന്ന മോട്ടോർ ബൈക്കുകളും പൊലീസ് പിടികൂടി. പ്രതികൾക്കെതിരെ രണ്ട് വർഷം തടവും 10000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന പുതിയ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും ഐ .പി. സി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി ഇൻസ്‌പെക്ടർ ടി .ഉത്തംദാസ് പറഞ്ഞു. എ .എസ് .ഐ വിജയൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ രാമചന്ദ്രൻ നായർ, സുകുമാരൻ എന്നിവരും സി .ഐയുടെ കൂടെ സംഘത്തിലുണ്ടായിരുന്നു.