കണ്ണൂർ: ലോക് ഡൗണിൽ ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെ മദ്യവിൽപ്പന ശാലകൾ അടച്ചതോടെ മദ്യം ലഭിക്കാതെ ആരോഗ്യ- മാനസിക പ്രശ്നങ്ങൾ കാണിച്ചവരിൽ പലരും ജീവിതത്തിലേക്ക് മടങ്ങുന്നു. പ്രതീക്ഷിച്ച തോതിലുള്ള ആശങ്ക ജില്ലയിൽ ഉണ്ടായിട്ടില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ നിഗമനം.

മദ്യം കിട്ടാതായതോടെ ആത്മഹത്യയുൾപ്പെടെ ജില്ലയിലും സംഭവിച്ചിരുന്നു. എന്നാൽ നിരവധി പേർ ചികിത്സതേടി പ്രശ്നത്തെ മറികടന്നുവെന്നാണ് പറയുന്നത്. പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ഇക്കാലയളവിൽ 95 പേരാണ് ചികിത്സ തേടിയത്. ഇവരുടെ ചികിത്സ തുടർന്നുവരികയാണ്.

ഇതിന് പുറമെ കണ്ണൂർ ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും മദ്യാസക്തിയുള്ളവർക്ക് ചികിത്സ നല്കിയിരുന്നു. 10 പേരെ പയ്യന്നൂരിലെ വിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചിരുന്നു. ആദ്യനാളുകളിൽ ചിലരൊക്കെ അക്രമാസക്തരായിരുന്നു. എല്ലാവരും ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് പോയിരിക്കുകയാണ്. .

മെഡിക്കൽ ഓഫീസർക്ക് പുറമെ സൈക്യാട്രിസ്റ്റ്, സോഷ്യൽവർക്കർ, 3 നഴ്സുമാർ, സുരക്ഷ ജീവനക്കാരൊക്കെ വിമുക്തികേന്ദ്രത്തിലുണ്ട്. ചികിത്സയ്ക്കായി എത്തിയവരിൽ കൂടുതലും 40-45 വയസിന് താഴെയുള്ളവരായിരുന്നുവെന്നും എക്സൈസ് വ്യക്തമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്കിയവർക്ക് തുടർന്നും ഓരോ ആഴ്ചയിലും പരിശോധിച്ച് മരുന്നുകൾ നല്കും. ഈ ചികിത്സയിലൂടെ മദ്യത്തിൽ നിന്ന് ഇവർക്ക് മോചനം നേടാനാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ ഉറപ്പുപറയുന്നു.

ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്

മദ്യാസക്തിയുള്ളവരുടെ ആരോഗ്യ പ്രശ്‌നങ്ങൾ അവഗണിക്കരുത്. ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ഗുരുതര മാനസിക, ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ആത്മഹത്യയിലേക്ക് വരെ ഇത് വഴിവച്ചേക്കാം.
ഛർദ്ദി, ഓക്കാനം വരിക, കൈകാലുകളും ശരീരവും വിറയ്ക്കുക, അമിതമായി വിയർക്കുക, അമിത ഉത്കണ്ഠ, അസ്വാസ്ഥ്യം, ഉറക്കക്കുറവ്, ശരീരത്തിൽ പാറ്റകളോ ഉറുമ്പുകളോ ഇഴയുന്നത് പോലെയോ സൂചികൊണ്ട് തറയ്ക്കുന്നത് പോലെയോ ഉള്ള അനുഭവങ്ങൾ, തലവേദന, വിഷാദം, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, നിഴലും മറ്റും ചലിക്കുന്നതായി തോന്നുക, മാനസിക ഏകാഗ്രത നഷ്ടപ്പെടുക, ഒന്നിലും വ്യക്തതയില്ലാതിരിക്കുക, അപസ്മാര രോഗികളിൽ കാണുന്ന തരത്തിലുള്ള വിഭ്രാന്തി ചേഷ്ടകൾ എന്നിവയാണ് വിത്ഡ്രോവലിന്റെ ലക്ഷണങ്ങൾ. മാനസിക ഏകാഗ്രത നഷ്ടപ്പെടുകയോ വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ ഉടൻ ഡോക്ടറെ സമീപിക്കണം.

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ലഹരിവിമുക്തി നേടിയവർ -95