കാഞ്ഞങ്ങാട്: ബൗദ്ധിക വെല്ലുവിളികളും ശാരീരിക അവശതകൾ നേരിടുന്നവരുമായ കിടപ്പുരോഗികളെ പരിചരിക്കുന്ന അമ്മമാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിൽ സമാശ്വാസം. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുൾപ്പെടെ സംസ്ഥാനത്തെ കിടപ്പ് രോഗികളെ പരിചരിക്കുന്നവർക്ക് സാമൂഹ്യനീതിവകുപ്പിന്റെ ആശ്വാസകിരണം പദ്ധതി മുഖേനയുള്ള മൂന്നുമാസത്തെ സഹായധനം നൽകാനാണ് നിർദ്ദേശം വന്നിരിക്കുന്നത്.ഇതിനായി 20.47കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു.

ഒരു വർഷത്തിലേറെയായി ആശ്വാസകിരണം പദ്ധതിയിലൂടെ സഹായധനം ലഭിച്ചിരുന്നില്ല. കോവിഡ്19 പശ്ചാത്തലത്തിൽ മറ്റെല്ലാ ക്ഷേമപെൻഷനുകളും സമയബന്ധിതമായി നൽകി വരുന്ന സാഹചര്യത്തിൽ ആശ്വാസ കിരണം പദ്ധതി പ്രകാരമുള്ള പ്രതിമാസ സഹായധനവും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പാരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം മുഖ്യമന്ത്രിക്ക് ഇമെയിൽ സന്ദേശം നൽകിയിരുന്നു.