കണ്ണൂർ: ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ മാർച്ച് 21ന് ജയ പി. സൈമൺ അന്ന് നാട്ടിലേക്ക് പോകുമ്പോൾ എല്ലാം സാധാരണ പോലെയായിരുന്നു. എറണാകുളത്തെ കിഴക്കമ്പലത്താണ് വീട്. ആഴ്ചയിലൊരിക്കലാണ് വീട്ടിൽ പോയിരുന്നത്. അവധി കഴിഞ്ഞ് തിരിച്ചു വന്നാൽ കൊവിഡ് 19 ഐസൊലേഷൻ വാർഡിലാണ് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ തിരിച്ചുവരാനൊരുങ്ങുമ്പോഴേക്കും കൊവിഡിൽ യാത്രാ സൗകര്യങ്ങൾ കുറഞ്ഞിരുന്നു.
22ന് ജനതാ കർഫ്യൂവിൽ ട്രെയിനുമില്ല. എങ്കിലും അതിരാവിലെ തന്നെ എന്തും വരട്ടെയെന്ന് കരുതി പുറപ്പെട്ടു. എറണാകുളത്ത് നിന്ന് തലശ്ശേരി വരെ എത്തിയത് അഞ്ച് ബസുകളിൽ കയറിയിറങ്ങി. ഓരോയിടത്തും മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പും അനിശ്ചിതത്വവും. തലശ്ശേരിയിൽ ജോലി ചെയ്യുന്ന സുഹൃത്തിന്റെ ഭർത്താവ് തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് കാറിൽ എത്തിച്ചു. അപ്പോഴേക്കും സമയം രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. ജയക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത യാത്രയായിരുന്നു അത്.
അടുത്ത ദിവസം മുതൽ അതിലേറെ വെല്ലുവിളികൾ നിറഞ്ഞ കൊവിഡ് ഐസൊലേഷൻ വാർഡിലെ വിശ്രമമില്ലാത്ത ഡ്യൂട്ടിയും. രാത്രി ഹോസ്റ്റലിലെത്തുമ്പോൾ എല്ലാവരുടെയും മുഖത്ത് ആശങ്കകൾ മാത്രം. മരണവും ജീവിതവും തമ്മിലുള്ള മത്സരം. ജയ ആദ്യ ദിവസത്തെ നാളുകൾ ഓർത്തെടുത്തു. ദിവസവും വൈകുന്നേരം ആവാൻ ഞങ്ങൾ കാത്തിരിക്കും. എത്ര പേർ കൊവിഡ് നെഗറ്റീവ് ആയെന്നറിയാൻ. അത് നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
സ്‌നേഹവും കരുതലും കൊണ്ട് കർമനിരതമായ 14 ദിവസങ്ങൾ. അൽപം ആശങ്കയും ഭയപ്പാടുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ ആദ്യ ദിവസത്തോടെ തന്നെ ആത്മധൈര്യത്തോടെ നിൽക്കാനായി. 14 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കിയ ജയ അടക്കം 16 നഴ്‌സുമാർ ഇപ്പോൾ കണ്ണൂരിലെ ഒരു ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയാണ്. 14 ദിവസമാണ് നിരീക്ഷണ കാലയളവ്.