കാസർകോട്: കാസർകോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിൽ റവന്യു വകുപ്പ് മന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന വാസ്‌തവ വിരുദ്ധവും അപഹാസ്യവുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ. 2012 ൽ കാസർകോട് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ച് ഭരണ കാലാവധി അവസാനിക്കുന്നതുവരെ ഒന്നും ചെയ്യാതിരുന്ന യു.ഡി.എഫ് സർക്കാരിനെ കുറിച്ച് വസ്തുതകൾ നിരത്തി അഭിപ്രായം പറയുകയാണ് റവന്യു മന്ത്രി ചെയ്‌തത്. കാസർകോട് ജില്ലയ്‌ക്ക് ഒരു മെഡിക്കൽ കോളേജ് അനുവദിക്കുമ്പോൾ അത് അനുയോജ്യമായ സ്ഥലത്താണ് വേണ്ടിയിരുന്നതെന്നതാണ് റവന്യു മന്ത്രിയുടെ പ്രസ്താവനയുടെ ഉള്ളടക്കം. തൃക്കരിപ്പൂർ മുതൽ തലപ്പാടി വരെയുള്ള 95 കിലമീറ്ററോളം നീണ്ടു കിടക്കുന്ന ജില്ലയുടെ പ്രധാന റോഡിന്റെ വശത്ത്, ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങൾക്കും എത്താൻ കഴിയുന്ന സ്ഥലമാണ് കണ്ടത്തേണ്ടിയിരുന്നത്. എന്നാൽ അത് ഉണ്ടായില്ലെന്നതാണ് റവന്യുമന്ത്രി പരാമർശിച്ചത്. മംഗലാപുരത്തെ ആശുപത്രികളെ സഹായിക്കാൻ ആരാണ് ശ്രമിച്ചിട്ടുള്ളതെന്നും ജില്ലയിലെ ജനങ്ങൾക്ക് മനസിലാകുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ വാർത്താകുറിപ്പിൽ പറഞ്ഞു.