കണ്ണൂർ: ലോക്ഡൗൺ നിബന്ധനകളിൽ ഇളവ് അനുവദിച്ചത് പ്രകാരം മൊബൈൽ, കംപ്യൂട്ടർ ഷോപ്പുകളും വർക്ക്‌ഷോപ്പുകൾ നിശ്ചിത ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നത് എല്ലാ നിബന്ധനകളും പാലിച്ചു വേണമെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് വ്യക്തമാക്കി. മൊബൈൽ ഷോപ്പുകൾ, കംപ്യൂട്ടർ റിപ്പയറിംഗ് ഷോപ്പുകൾ എന്നിവയ്ക്ക് ഞായറാഴ്ചകളിലും വർക്ക് ഷോപ്പുകൾക്ക് ഞായർ, വ്യാഴം ദിവസങ്ങളിലും മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കാം.

അത്യാവശ്യമുള്ള ജീവനക്കാർ മാത്രമേ ഷോപ്പുകളിൽ ഉണ്ടാകാവൂ. മൊബൈൽ വിൽക്കുന്നതും റിപ്പയറിംഗും സർവീസും ചെയ്യുന്നതും റീചാർജ് ചെയ്യുന്നതുമായ കടകൾക്കാണ് അനുമതി. അതോടൊപ്പം കംപ്യൂട്ടർ സർവീസ് സെന്ററുകളും ആക്‌സസറി ഷോപ്പുകളും തുറക്കാം. വർക്ക് ഷോപ്പുകളാവട്ടെ, അടിയന്തര സ്വഭാവമുള്ള പ്രവൃത്തികൾ മാത്രമേ ചെയ്തുകൊടുക്കാവൂ. ടയർ, ബാറ്ററി എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും അനുവദിക്കും. സാമൂഹ്യ അകലം പാലിക്കൽ, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ കഴുകൽ, മാസ്‌ക് ധരിക്കൽ തുടങ്ങിയ മുൻകരുതലുകൾ പൂർമണമായും കൈക്കൊള്ളണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.