കണ്ണൂർ: 'കൊവിഡ് വാർഡിൽ ജോലിക്കു കയറുകയാണ്. നമ്മുടെ വിവാഹം നീട്ടി വയ്ക്കേണ്ടി വന്നേക്കും..." കണ്ണൂർ ജില്ലാ ആശുപത്രി സ്റ്റാഫ് നഴ്സ് സൗമ്യ കഴിഞ്ഞ 23ന് പ്രതിശ്രുത വരൻ റജിയോട് ഫോണിൽ പറഞ്ഞു. 'സധൈര്യം മുന്നോട്ടു പോകൂ. കാത്തിരിക്കാൻ ഞാൻ തയ്യാർ...."
ഈ ഉറപ്പു നൽകിയ ഊർജവുമായി വാർഡിൽ കയറിയ സൗമ്യ രണ്ടാഴ്ചത്തെ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ പുറത്തിറങ്ങി. ഇനി രണ്ടാഴ്ച ക്വാറന്റൈനിൽ. 20ന് വീണ്ടും വാർഡിലെത്തും. പുതിയ വിവാഹത്തീയതി മഹാമാരിയുടെ ഭീതിയൊക്കെ ഒഴിഞ്ഞിട്ട് തീരുമാനിക്കും.
കോട്ടയം സ്വദേശി സൗമ്യയും തൃക്കരിപ്പൂർ സ്വദേശി റെജി നരേനുമായുള്ള വിവാഹം ഏപ്രിൽ 8ന് നിശ്ചയിച്ച് ക്ഷണമെല്ലാം കഴിഞ്ഞതാണ്. ചടങ്ങ് അടിച്ചു പൊളിക്കാൻ ആശുപത്രിയിലെ സഹപ്രവർത്തകരും പ്ളാൻ ചെയ്തു. കൊവിഡ് പിടിമുറുക്കിയതോടെ വിവാഹം 26ന് ലളിതമായി നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചു. ഇതിനിടെയാണ് ജില്ലാ ആശുപത്രിയിൽ കൊവിഡ് വാർഡ് സജ്ജമാക്കുന്നതും രോഗികളെ പ്രവേശിപ്പിക്കുന്നതും. വിവാഹത്തീയതി അടുത്തതിനാൽ വാർഡിലെ ഡ്യൂട്ടി ഒഴിവാക്കി നൽകാൻ ആശുപത്രി അധികൃതർ തയ്യാറായെങ്കിലും സൗമ്യ സ്വമേധയാ ഏറ്റെടുത്തു.
പി.പി.ഇ കിറ്റുമണിഞ്ഞ് ഡ്യൂട്ടിയിൽ കയറിയ ദിവസം വെളുപ്പിനു തന്നെ വിദേശത്തു നിന്നു വന്ന 3 പേർ അഡ്മിറ്റായി. ഒാരോരുത്തർക്കും ഒാരോ വിഷമങ്ങളായിരുന്നെന്ന് സൗമ്യ ഓർക്കുന്നു. വർഷങ്ങൾക്കു ശേഷം മകളുടെ പിറന്നാളിനു സമ്മാനങ്ങളുമായി വന്ന അച്ഛനാണ് രോഗികളിൽ ഒരാൾ. അവരുടെ സങ്കടങ്ങളെല്ലാം കേൾക്കാനും അറിഞ്ഞ് പെരുമാറാനും മനസിനെ പാകപ്പെടുത്തി.
'അഞ്ചും ആറും മണിക്കൂർ തുടർച്ചയായി പി.പി.ഇ കിറ്റിനുള്ളിൽ ചുടും അസ്വസ്ഥതകളും സഹിച്ച്, വീടും വീട്ടുകാരും എന്ന ചിന്തയൊക്കെ മാറ്റി രോഗ ബാധിതർക്കൊപ്പം നിന്നു. മുഖം പോലും കാണാതെയുള്ള ആശ്വാസവാക്കുകൾ പോലും അവർക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതെന്ന് മനസിലായി. ആദ്യത്തെ ദേഷ്യവും വേവലാതികളും മാറ്റിവച്ച് ഒാരോരുത്തരും സ്വന്തക്കാരായി മാറുകയായിരുന്നു. ഒന്നര മാസമായി വീട്ടിലേക്ക് പോയിട്ട്. ഐസൊലേഷനിൽ കഴിയുന്നവരും സഹപ്രവർത്തകരും ഇപ്പോൾ കുടുംബം പോലെയാണ്"- സൗമ്യ പറഞ്ഞു.
ആശുപത്രിക്ക് സമീപമുള്ള റെയിൻബൊ സ്യൂട്ടിലാണ് സൗമ്യയടക്കം 25 നഴ്‌സുമാർ ക്വാറന്റൈനിൽ കഴിയുന്നത്. വായിക്കാൻ ഒരു പിടി പുസ്തകങ്ങൾ കൈയിലുണ്ട്. 20ന് തിരികെ ഡ്യൂട്ടിയിൽ പ്രവേശിക്കാനുള്ള ഊർജം കരുതി വയ്ക്കുകയാണ് ഈ മാലാഖമാർ.