കാസർകോട്: കൊവിഡ് 19 ഭേദമായി ആശുപത്രി വിട്ട കാസർകോട് സ്വദേശിനിയായ പൂർണഗർഭിണിക്ക് പ്രസവിക്കാനുള്ള സൗകര്യമൊരുക്കി കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ. പ്രസവത്തിന് മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിൽ പ്രത്യേക സജ്ജീകരണം ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. പ്രസവ തീയതിക്ക് ഇനി ഒൻപത് ദിവസമമുള്ളത്.
കാസർകോട് ജില്ലയിൽ മൂന്ന് ഗർഭിണികൾക്കാണ് ഗൾഫിൽ നിന്നെത്തിയ ബന്ധുക്കളിൽ നിന്നും സമ്പർക്കത്തിലൂടെ കൊവിഡ് രോഗം പിടിപെട്ടത്. ഇതിൽ രണ്ട് പേരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാളെ കാഞ്ഞങ്ങാട് ലക്ഷ്മി മേഘൻ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ രോഗം ഭേദമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വീട്ട ഗർഭിണിയുടെ കൂടെയുണ്ടായിരുന്ന ഇവരുടെ രണ്ട് വയസ്സുള്ള മകനും കൊവിഡ് ഭേദമായിട്ടുണ്ട്. രോഗം ഭേദമായി ആശുപത്രി വിട്ട ഗർഭിണിയായ യുവതിക്കും ഇവരുടെ മകനും ഡോക്ടർമാരും നേഴ്സുമാരും മറ്റ് ജീവനക്കാരും ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. ഇവർക്കൊപ്പം കുട്ടിയുടെ അമ്മൂമ്മയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി.