തൃക്കരിപ്പൂർ :തൃക്കരിപ്പൂർ തങ്കയം താലൂക്ക് ആശുപത്രിയിൽ മൂന്നു ഷിഫ്റ്റുകളിൽ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്താനുള്ള സൗകര്യം ഒരുക്കുന്നു. രണ്ടു ഷിഫ്റ്റുകളിലാണ് നിലവിൽ ഈ സൗകര്യമുള്ളത്. എം.രാജഗോപാലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനങ്ങൾ ഒരുക്കിയത്. കൊ വിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടക സർക്കാർ മലയാളികളായ രോഗികൾക്കുള്ള ചികിത്സ നിഷേധിച്ച പശ്ചാത്തലത്തിൽ തങ്കയം താലൂക്ക് ആശുപത്രിയിൽ വൃക്കരോഗികളുടെ തിരക്കാണ്. പ്രവാസികളും മത്സ്യത്തൊഴിലാളികളും പിന്നാക്ക വിഭാഗങ്ങളുമടക്കം ഡയാലിസിസിന്റെ ഊഴം കാത്തിരിക്കയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്നലെ ആശുപത്രിയിലെ ഡോക്ടർമാരുമായി ഉദ്യോഗസ്ഥരുമായി എം.എൽ.എ.കൂടിയാലോചന നടത്തി .
സൗകര്യം വർദ്ധിപ്പിക്കാൻ 100 KWA ജനറേറ്ററും ഡയാലിസിസ് മെഷീനും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ച സാഹചര്യത്തിലാണ് എം.എൽ.എ.യുടെ ഈ വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും ഇതിനാവശ്യമായ തുക നൽകാൻ തീരുമാനിച്ചിരിക്കുന്നത്.