ഗാന്ധിനഗർ: കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്നതിനിടെ പ്രതിസന്ധിയിലായ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഏറ്രവും മുന്നിൽ നിൽക്കുകയാണ് ഗുജറാത്ത്. ഇന്ത്യയിൽ ഏറ്റവുമധികം വ്യവസായ കേന്ദ്രങ്ങളുള്ള ഇടം എന്നതിനൊപ്പം കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിലും മുൻപന്തിയിലാണ് ഇവിടം. പല ദിവസങ്ങളിലായി ഇതര സംസ്ഥാനക്കാർ ഉണ്ടാക്കുന്ന പ്രതിഷേധം ഇന്നലെയും ആവർത്തിച്ചു.
സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രോഷാകുലരായ കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾക്ക് തീയിട്ടു. ഉന്തുവണ്ടികൾ ഉൾപ്പെടെയുള്ളവയ്ക്കാണ് തീയിട്ടത്. രാജ്യത്തെ സമ്പൂർണ അടച്ചിടലിൽ സൂറത്തിൽ നൂറുകണക്കിന് തൊഴിലാളികളാണ് കുടുങ്ങിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടമായ ഇവർ പട്ടിണിയിലാണ്. ഇതോടെ എങ്ങനെയെങ്കിലും നാട്ടിൽ തിരികെ എത്തിക്കണമെന്നാണ് ആവശ്യം. 70 പേരെ കസ്റ്റഡിയിലെടുത്തതായി ഡി.സി.പി രാകേഷ് ബറോട്ട് പറഞ്ഞു.
ഗണേഷ് നഗർ, തിരുപ്പതി നഗർ എന്നിവിടങ്ങളിലും നേരത്തെ പ്രശ്‌നം ഉണ്ടായിരുന്നു. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ നിരവധി പേരാണ് ഇവിടെയുള്ളത്. ഇതുവരെ പോസിറ്റീവ് കേസുകൾ 378 ആയപ്പോഴേക്കും 19 മരണം റിപ്പോട്ട് ചെയ്തു. ഏറ്റവുമധികം വ്യവസായമുള്ള സംസ്ഥാനങ്ങളിൽ ഒന്നായ ഗുജറാത്ത് തുണി വ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ്.
ഇന്ത്യയിൽ കടൽത്തീരം (1600 കി.മി) കൂടുതൽ ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. തുണി, വജ്രം, വളം, പെട്രോളിയം ഉത്പന്നങ്ങൾ, ഉരുക്ക്, രാസവസ്തുക്കൾ തുടങ്ങിയവയുടെ വൻ വ്യവസായ ശാലകൾ ഗുജറാത്തിലുണ്ട്. ഇത് ലക്ഷ്യമിട്ടാണ് ഗുജറാത്തിലേക്ക് ആളെത്തുന്നത്. രാജ്യത്തെ ആഭ്യന്തരമായി കുടിയേറി പാർത്തവരുടെ എണ്ണം 5.6 കോടിയാണ്. ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും അധികം പേർ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുളളത്. ഉത്തർപ്രദേശിൽ നിന്ന് 1.3 കോടി ജനങ്ങളാണ് വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറിയത്. ബിഹാറിൽ നിന്ന് 79 ഉം രാജസ്ഥാനിൽ നിന്ന് 39 ഉം ലക്ഷം പേർ വിവിധ ഇടങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. മധ്യപ്രദേശിൽ നിന്ന് 31 ലക്ഷവും, മഹാരാഷ്ട്രയിൽ നിന്ന് 30 ലക്ഷവും ആളുകളാണ് നാട് വിട്ട് ജോലി തേടി പോയത്. ഇത്തരത്തിൽ തൊഴിലിനായി കുടിയേറുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. വിസ്തൃതിയേറിയ സംസ്ഥാനമാണെങ്കിലും കാർഷിക രംഗത്ത് ഗുജറാത്ത് പഞ്ചാബിനെ പോലെ മികവ് പുലർത്തിയിട്ടില്ല. മണ്ണിന്റെ ഗുണമില്ലായ്മയും വെള്ളപൊക്കവും വരൾച്ചയുമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നത്.