കാസർകോട്: അന്താരാഷ്ട്ര തലത്തിൽ പ്രശംസനീയമായ രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മറികടന്ന് ചട്ടഞ്ചാലിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയ കാസർകോട് ജില്ലാകളക്ടർക്കെതിരെ സി.പി.എമ്മിൽ കടുത്ത അതൃപ്തി. ടാറ്റ ഗ്രൂപ്പിന്റെ സഹായത്തോടെ കാസർകോട് കൊവിഡ് ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനത്തിൽ വിശദമായ പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് ജില്ലാകളക്ടർ ഇക്കാര്യം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു.

ആശുപത്രി സ്ഥാപിക്കുന്നതിന് അനുയോജ്യമായ റവന്യൂ ഭൂമി കണ്ടെത്താൻ മാത്രമാണ്

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്ന് കളക്ടറോട് നിർദ്ദേശിച്ചിരുന്നതെന്നാണ് പാർട്ടിനേതൃത്വം പറയുന്നത്. എന്നാൽ തെക്കിൽ വില്ലേജിൽ നേരത്തെ ഭൂമാഫിയ കൈവശം വയ്ക്കുകയും അടുത്തകാലത്ത് തിരിച്ചുപിടിക്കുകയും ചെയ്തു 15 ഏക്കർ വരുന്ന റവന്യൂ ഭൂമി ടാറ്റാ ഗ്രൂപ്പിന്റെ പ്രതിനിധികൾക്ക് കാണിച്ചുകൊടുക്കുകയും ഫേസ്ബുക്ക് ലൈവിൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പ്രഖ്യാപനം നടത്തുകയുമായിരുന്നു കളക്ടർ.

പാർട്ടിയിൽ ചർച്ച നടന്നില്ല

ജില്ലയിലെ സി.പി.എം നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു കളക്ടറുടെ പ്രഖ്യാപനം. വൻകിട സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്ന കാര്യം കാസർകോട് ജില്ലയിലെ നേതാക്കൾ അറിഞ്ഞിരുന്നില്ല. ഔദ്യോഗിക തീരുമാനം ആകാത്തതിനാൽ സർക്കാരും ഇത് പ്രഖ്യാപിച്ചിരുന്നില്ല. ബദിയടുക്ക മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാവുകയും കാസർകോട് നഗതരത്തിൽ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ സാദ്ധ്യത പരിശോധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ 540 ബെഡുകളുള്ള പുതിയ ആശുപത്രി ജില്ലയിലെ പെരിയക്ക് തെക്കുഭാഗത്തുള്ള ഏതെങ്കിലും സ്ഥലത്ത് സ്ഥാപിക്കണമെന്നായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആഗ്രഹം. കൊവിഡ് രോഗം പടരുന്ന സമയം ആയതിനാലാണ് ഇക്കാര്യത്തിൽ പരസ്യമായ അഭിപ്രായം പാർട്ടി പ്രകടിപ്പിക്കാതിരുന്നത് എന്നാണ് സിപിഎം വൃത്തങ്ങൾ സൂചിപ്പിച്ചത്.

കളക്ടർ ആദ്യം കാണിച്ചുകൊടുത്ത തെക്കിൽ പാലത്തിനടുത്തുള്ള 12 ഏക്കർ സ്ഥലം ആശുപത്രി നിർമ്മാണത്തിന് അനുയോജ്യമല്ലെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചിരുന്നു. പുഴ മലിനമാകുമെന്ന വാദമുയരാനുള്ള സാദ്ധ്യത മുൻനിർത്തിയായിരുന്നു ഇത്. തുടർ ചർച്ചയിൽ ഇതിന് സമീപത്തായി 5 ഏക്കർ സ്ഥലം കണ്ടെത്തുകയായിരുന്നു. ഇന്നലെ ഇവിടെ സ്ഥലം നിരപ്പാക്കുന്ന ജോലി ആരംഭിച്ചിട്ടുണ്ട്.