meharoof

മാഹി:പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ നിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കൊവിഡ് ബാധിതൻ മരിച്ചു.

മാഹി ചെറുകല്ലായി കുന്നുമീത്തൽ അൽ മനാറിൽ മഹറൂഫാണ് (71) ഇന്നലെ രാവിലെ ഏഴരയോടെ മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ ഗവ.മെഡിക്കൽ കോളേജിനടുത്ത് പരിയാരം കോരൻപീടികയ്ക്ക് സമീപത്തെ ജുമാമസ് ജിദിൽ ഉച്ചകഴിഞ്ഞ് കബറടക്കി. കേരളത്തിൽ നേരത്തേ രണ്ടുപേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

മാർച്ച് 26ന് പനി ബാധിച്ച മഹറൂഫിനെ 31ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അന്നു വൈകിട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് സ്ഥിരീകരിച്ചതോടെ അവിടെ നിന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഹൃദ്രോഗവും വൃക്കരോഗവും നേരത്തേ ഉണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

ആയിഷയാണ് ഭാര്യ. മക്കൾ: ഷുഹൈബ്, അ‌‌ർഷാദ് ( ഇരുവരും ദുബായ്), ജസീല, നദീം മരുമക്കൾ:നജീബ്, ഹാഫിസ, ഷഹ്ജിയ.

സമ്പർക്കം കേരളത്തിൽ

മാഹി സ്വദേശിയാണെങ്കിലും കേരളത്തിൽ നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെട്ടു. കല്യാണവീട്ടിലും പൊതുചടങ്ങുകളിലും പങ്കെടുത്തു. മകന്റെ കൂടെ പെണ്ണുകാണൽ ചടങ്ങിനും പോയി. ന്യൂമാഹി, പന്ന്യന്നൂർ, ചൊക്ളി പഞ്ചായത്തുകളിലും യാത്ര ചെയ്തു.

113 പേരുടെ സമ്പർക്ക പട്ടിക ഡി.എം.ഒ ഡോ. നാരായണനായ്ക്കിന്റെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയിട്ടുണ്ട്. 28 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതിൽ പകുതിപേരുടെ റിപ്പോർട്ട് ലഭിച്ചു. ആർക്കും രോഗബാധയില്ല.

ഉറവിടം അജ്ഞാതം

മഹറൂഫിന് രോഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന് വ്യക്തമല്ല. വീട്ടിൽ എട്ട് അംഗങ്ങളാണ്. മരുമകൻ വളരെ അടുത്ത് പെരുമാറിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവാണ്. അടുത്ത് പെരുമാറിയവർക്ക് രോഗലക്ഷണം കാണാത്തത് മെഡിക്കൽ സംഘത്തെ കുഴയ്ക്കുന്നുണ്ട്. മറ്റു തരത്തിൽ പകരുമോ എന്നാണ് ആശങ്ക.

നിരീക്ഷണത്തിൽ

# മഹറൂഫ് പങ്കെടുത്ത പാനൂർ ചമ്പാട്ടെ വിവാഹ നിശ്ചയത്തിൽ പങ്കാളികളായവരും ടെമ്പോ ട്രാവലറിൽ ഒപ്പം യാത്ര ചെയ്തവരും.

# തലശേരി, കണ്ണൂർ ആശുപത്രികളിൽ മഹ്റൂഫുമായി ബന്ധപ്പെട്ട ഡോക്ടർമാർ, നഴ്സുമാർ.

മാഹിയും കൊവിഡും

പുതുച്ചേരി സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞെത്തിയ 66 കാരിക്കായിരുന്നു. മാഹി ഗവ.ആശുപത്രിയിലെ ചികിത്സയെ തുടർന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.

അഞ്ഞൂറോളം പേർ നിരീക്ഷണത്തിലുണ്ടായിരുന്നത് അറുപതായി ചുരുങ്ങി ആശ്വാസത്തിൽ കഴിയുമ്പോഴാണ് കൊവിഡ് മരണം ഉണ്ടായത്.

കൊവിഡ് ബാധിച്ച ഇരുവരുടെയും വീടുകൾ

ഒന്നര കിലോമീറ്റർ പരിധിയിലാണ്.