പാനൂർ: മൊകേരി ഗ്രാമപഞ്ചായത്തിലെ കൂരാറ പാടശേഖര സമിതിയിലെ പച്ചക്കറി കർഷകർ കൊവിഡ് 19 ലോക്ക്ഡൗണിനെ തുടർന്നു പ്രതിസന്ധിയിലായി.

വർഷങ്ങളായി ഇവിടത്തെ 70 ഓളം കർഷകർ 12 ഏക്കറിലധികം വരുന്ന സ്ഥലത്ത് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്.പഞ്ചായത്തിലേക്കും അയൽപക്ക പഞ്ചായത്തുകളിലേക്കും ആവശ്യമായ വെണ്ട, ചീര, പയർ, കയ്പ, വഴുതിനി തുടങ്ങിയ പകുതിയോളം പച്ചക്കറികൾ ഈ വയലിൽ ഇവർ കൃഷി ചെയ്തുണ്ടാക്കുന്നവയാണ്.

മറ്റു പച്ചക്കറികൾ ആവശ്യക്കാർ വയലിലെത്തി കൊണ്ടു പോകുന്നുണ്ടെങ്കിലും ഇളവൻ വില്പന നടത്താൻ സാധിക്കാതെ വന്നതോടെ തീർത്തും പ്രതിസന്ധിയിലാണ് കർഷകർ. മുൻവർഷങ്ങളെ പോലെ ഹോർട്ടികോർപ്പ് അധികൃതർ വയലിലെത്തി ഇളവൻ ശേഖരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പ്രശ്നം കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മൊകേരി കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് മിനി ആച്ചിലാട്ട് പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വത്സൻ പറഞ്ഞു. അധികൃതർ തങ്ങൾക്കനുകൂലമായ നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

പടം... കൂരാറ വയലിലെ ഇളവൻ കർഷകർ