കാസർകോട്: ഡൽഹി നിസാമുദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ആളുടെ മാതാവിനും ഭാര്യക്കും കൊവിഡ്. കാസർകോട് പൊവ്വൽ മാസ്തികുണ്ട് സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തക്കളടക്കമുള്ള 50 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഉപ്പള സ്വദേശികളായ രണ്ടുപേർക്കൊപ്പം മാർച്ച് 14 നാണ് യുവാവ് കാസർകോട് എത്തിയത് . യുവാവിന് ആദ്യം രോഗ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല.

പിന്നീട് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് ഈ മാസം രണ്ടിന് പരിശോധനക്കായി സ്രവം നൽകി. നാലിന് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരണം വന്നു. അതേസമയം ഉപ്പളയിലെ യുവാവിന്റെ സുഹൃത്തക്കളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അതിനിടയിൽ യുവാവ് ഒരു വിവാഹ ചടങ്ങിലും പള്ളിയിലെ ഒരു പരിപാടിയിലും സംബന്ധിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുമായി സമ്പർക്കത്തിലായ 50 ഓളം പേരെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ യുവാവിന്റെ മാതാവിനേയും ഭാര്യയെയും കാസർകോട് മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.