ആലക്കോട്: കൊവിഡ് 19 രോഗബാധയെത്തുടർന്ന് കുടിയാന്മലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ചികിത്സയിലായതോടെ ഇവരുമായി അടുത്തിടപഴകിയവരുടെ പട്ടിക വിപുലീകരിക്കുന്ന തിരക്കിലാണ് ആരോഗ്യവകുപ്പ് ജീവനക്കാർ. ഇക്കഴിഞ്ഞ മാർച്ച് 21 നാണ് കുടിയാന്മല സ്വദേശിയായ യുവാവ് ദുബായിൽ നിന്നും നാട്ടിലെത്തിയത്.

ഇയാൾ വരുന്നതിന് മുമ്പ്തന്നെ ഭാര്യയും രണ്ട് മക്കളും ഭാര്യവീട്ടിലേയ്ക്ക് മാറിയിരുന്നു. വീട്ടിൽ എത്തി മൂന്നു ദിവസത്തിനു ശേഷമാണ് കടുത്ത പനിയെത്തുടർന്ന് പ്രവാസി ചികിത്സതേടി ആശുപത്രിയിലെത്തുന്നത്. ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളോടും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇരുവരും രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്.

ഇപ്പോൾ ഇവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കുന്നത്. പ്രവാസിയുടെ പിതാവ് കടകളിലും ബാങ്കിലുമൊക്കെ എത്തിയതായി നാട്ടുകാർ പറയുന്നു. ഒരു ദേവാലയവുമായി ബന്ധപ്പെട്ടും ഇദ്ദേഹം ആളുകളുമായി ഇടപഴകിയിട്ടുണ്ട്.