കാഞ്ഞങ്ങാട്: കാലിച്ചാംപൊതിയിലെ സുലോചനയ്ക്കും അംഗവൈകല്യമുള്ള മകൻ പ്രശാന്തിനും സ്ഥിരമായി കഴിക്കേണ്ട മരുന്ന് തീർന്നിട്ട് ദിവസങ്ങളായി . വിവരമറിഞ്ഞ കാഞ്ഞങ്ങാട് സബ് കളക്ടർ അരുൺ കെ.വിജയന്റെ നിർദ്ദേശ പ്രകാരം ഹൊസ്ദുർഗ് നാഷണൽ ഹൈവേ വിഭാഗം സ്‌പെഷ്യൽ തഹസിൽദാർ ബി.രത്നാകരന്റെ നേതൃത്വത്തിലാണ് മരുന്ന് എത്തിച്ചു നൽകിയത്.
സുലോചനയും ഉദുമയിൽ നിന്നും വന്ന് അടുത്തിടെ മടിക്കൈയിൽ താമസമാക്കിയതാണ്. നിത്യേന കഴിക്കേണ്ട മരുന്നിനായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ സുലോചന തന്റെ സഹോദരിയുടെ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മകൾ പ്രസന്നയെ അറിയിച്ചു. പ്രസന്ന കാഞ്ഞങ്ങാട് സബ് കളക്ടർ അരുൺ.കെ.വിജയനെ വാട്സാപ്പ് സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് റവന്യൂ സംഘം മരുന്നെത്തിച്ചത്. കൊവിഡ് 19 ഐസോലേഷൻ വാർഡുകളിൽ ഭക്ഷണമെത്തിക്കാനുള്ള ചുമതലയിൽ ഏർപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർ എൽ .കെ. സുബൈർ , വില്ലേജ് ഓഫീസർമാരായ അബ്ദുൾ സലാം , ടി.വി.സജീവൻ, പി.വി.രവി എന്നിവരും സംഘത്തിലുണ്ടായിരുന്നു.