തളിപ്പറമ്പ്: ആശങ്കകളൊഴിഞ്ഞു. അതിജീവനത്തിന്റെ പ്രതീകമായി അവൻ പിറന്നു. കൊവിഡിൽ നിന്ന് മുക്തി നേടിയ കാസർകോട് സ്വദേശി ഇന്നലെ ഉച്ചയ്ക്ക് 12.20ന് ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ചവരിൽ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗം ഭേദമായ യുവതിയെ സിസേറിയന് വിധേയയാക്കിയാണ് പൊന്നോമനയെ പുറത്തെടുത്തത്.
എട്ടു മാസം ഗർഭിണിയായ യുവതിക്കും ഭർത്താവിനും ഗൾഫിൽ നിന്നെത്തിയ ബന്ധുവുമായുള്ള സമ്പർക്കത്തിലൂടെ കൊവിഡ് പകരുകയായിരുന്നു. തുടർന്ന് മാർച്ച് 20ന് കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രിവേശിച്ചിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കി. ഏപ്രിൽ 9ന് ഇരുവരും രോഗമുക്തരായെങ്കിലും യുവതിയെ വീട്ടിലേക്ക് വിടാതെ വേറൊരു റൂമിലേക്ക് മാറ്റി ശുശ്രൂഷ തുടർന്നു.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അജിത്ത് ഉൾപ്പെട്ട പ്രത്യേക മെഡിക്കൽ സംഘവും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ചാൾസ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ.മുഹമ്മദ് എന്നിവരും ഉൾപ്പെട്ട ടീമാണ് നേതൃത്വം നൽകിയത്. രാവിലെ 11 മണിയോടെയാണ് യുവതിയെ പ്രത്യേകം സജ്ജീകരിച്ച ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയത്.
കൊവിഡ് ബാധിച്ച് ഇന്നലെ രാവിലെ മാഹി സ്വദേശി മരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രി അന്തരീക്ഷം ശോകമൂകമായിരുന്നു. എന്നാൽ, ഉച്ചയ്ക്ക് കുഞ്ഞിന്റെ ജനനത്തോടെ അത് ആഹ്ളാദത്തിന് വഴിമാറി.