കണ്ണൂർ: കൊവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ശനിയാഴ്ച ഉച്ച വരെ ജില്ലയിൽ 22756 കിറ്റുകൾ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. എ.എ.വൈ വിഭാഗത്തിലെ കുടുംബങ്ങൾക്കുള്ള കിറ്റുകളുടെ വിതരണമാണ് റേഷൻ കടകളിലൂടെ ഇപ്പോൾ നടക്കുന്നത്. 35862 എഎവൈ കാർഡുകളാണ് ജില്ലയിലുള്ളത്.
കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് സപ്ലൈകോ ഡിപ്പോ മാനേജർമാരാണ് കിറ്റിനാവശ്യമായ സാധനങ്ങൾ ശേഖരിച്ച് കിറ്റുകളാക്കി റേഷൻ കടകളിൽ എത്തിക്കുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ എന്നീ നഗരസഭകളും, ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി, കതിരൂർ, പാട്യം, മൊകേരി, ചിറ്റാരിപ്പറമ്പ്, കോട്ടയം മലബാർ എന്നീ ഗ്രാമ പഞ്ചായത്തുകളും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ഇവിടങ്ങളിലെ ഗുണഭോക്താക്കൾക്കുളള സൗജന്യ റേഷൻ, കിറ്റ് എന്നിവ വീടുകളിൽ എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.