കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ വിഷു വിപണിയും ഇല്ലാതായതോടെ കൈത്തറി തൊഴിലാളികൾ ആശങ്കയിൽ. കൂലിയും നൂൽ വാങ്ങിയ തുകയും റിബേറ്റും കുടിശ്ശികയായത്തോടെ കൈത്തറി തൊഴിലാളികൾ പട്ടിണിയാകേണ്ട സ്ഥിതിയാണ്.
സൗജന്യ യൂണിഫോം പദ്ധതിയ്ക്കായി തുണി നെയ്യുന്നവര്‍ക്ക് അഞ്ചു മാസത്തെ കൂലിയാണ് ഇപ്പോൾ മുടങ്ങിയത്. നെയ്ത്തിന് ആവശ്യമായ നൂൽ വാങ്ങിയ തുകയും കുടിശ്ശികയായതോടെ പല ചെറുകിട സൊസൈറ്റികളും പ്രതിസന്ധിയിലായിരിക്കുകയാണ്. . അതോടൊപ്പം വർഷങ്ങളായി പല സൊസൈറ്റികൾക്കും റിബേറ്റ് ഇനത്തിലെ തുകയും സർക്കാരിൽ നിന്നു ലഭിക്കാനുണ്ട്. ഇനി ഓണ വിപണിയാണ് ലക്ഷ്യമെങ്കിലും റിബേറ്റ് തുക കൃത്യമായി ലഭിച്ചാലെ ഇവർക്ക് ആശ്വാസമാവുകയുള്ളൂ. വിവിധ സ്പിന്നിംഗ് മില്ലിൽ നൂൽ വാങ്ങിയ കുടിശ്ശിക തുക നൽകിയാൽ മാത്രമെ സ്കൂൾ യൂണിഫോമിനു ആവശ്യമായ കൈത്തറി തുണി നെയ്യാൻ സാധിക്കുകയുള്ളവെന്നാണ് തൊഴിലാളികൾ പറയുന്നത്. ചില സൊസൈറ്റികൾ ആവശ്യമായ യൂണിഫോം സ്റ്റോക്ക് ചെയ്തെങ്കിലും മറ്റു പലരും കുടിശ്ശിക തുക ലഭിക്കാൻ കാത്തിരിക്കുകയാണ്.
സ്കൂൾ യൂണിഫോം പദ്ധതിയും അവതാളത്തിൽ
കൈത്തറിമേഖലയുടെ ഉന്നമനത്തിനായി 2016-ലാണ് സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി തുടങ്ങിയത്. രണ്ടാഴ്ച കൂടുമ്പോൾ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൂലി നൽകണമെന്നാണ് വ്യവസ്ഥ. വേതനത്തിന്റെ 60 ശതമാനത്തോളം നേരിട്ട് ബാങ്ക് വഴിയും ബാക്കി തുക സംഘങ്ങൾ വഴിയുമാണ് വിതരണം ചെയ്തിരുന്നത്. പദ്ധതി ആരംഭിച്ച ആദ്യമാസങ്ങളിൽ വേതനം കൃത്യമായി നൽകിയിരുന്നു. പിന്നീട് മാസങ്ങളോളം കുടിശ്ശിക വന്നതോടെ മേഖല വീണ്ടും പ്രതിസന്ധിയിലാകുകയാണ്. നിലവിലെ സാഹചര്യത്തിൽ അഞ്ചു മാസത്തെ പെൻഷൻ തുക നൽകുമെന്നു മാത്രമാണ് സർക്കാരിന്റെ വാഗ്ദാനം. ക്ഷേമനിധി അംംഗങ്ങൾക്ക് ബോർഡിൽ നിന്നു ധന സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കിട്ടാനുണ്ട് 5 മാസത്തെ കൂലി