കണ്ണൂർ: കൊവിഡ് 19 ബാധിച്ച് മരിച്ച മാഹി സ്വദേശിക്ക് ആശുപത്രിയിൽ നിന്ന് രോഗബാധയുണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആസ്റ്റർ മിംസ് അധികൃതർ. ആംബുലൻസിൽ തലശ്ശേരിയിലെ ആശുപത്രിയിൽ നിന്ന് ഹൃദയമിടിപ്പിനുള്ള വ്യതിയാനവും ഹൃദയത്തിന്റെ പമ്പിംഗിനുള്ള കുറവുമുണ്ട് എന്ന നിഗമനത്തിലാണ് രോഗി ആശുപത്രിയിലെത്തിയത്. ശ്വാസംവലിക്കുന്നതിനുള്ള കൃത്രിമ ഉപകരണവുമായാണ് ആസ്റ്റർ മിംസിൽ എത്തിയത്. മെഹറൂഫിന്റെ കൂട്ടിരിപ്പുകാരോട് ചോദിച്ചതിൽ വിദേശത്തുനിന്നു വന്നവരുമായോ കൊവിഡ് 19 രോഗബാധിതരുമായോ സമ്പർക്കമൊന്നും ഇല്ല എന്ന വിവരമാണ് ലഭിച്ചത്. കോണിപ്പടികയറിയതിന് ശേഷം നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനാലാണ് മെഹറൂഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കൂട്ടിയിരിപ്പുകാരൻ അറിയിച്ചു.

ഒന്നിന് എമർജൻസി വിഭാഗത്തിലെ ഐസൊലേഷൻ സോണിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് എം.ഡി.ഐ.സി.യുവിലേക്ക് മാറ്റി. നാലാംതീയതി എടുത്ത എക്‌സ്റേയിൽ വൈറൽ ന്യൂമോണിയ സംശയിച്ചതിനാൽ രാത്രി കൊവിഡ് രോഗികൾക്കുള്ള ഐസൊലേഷൻ ഐ.സി.യുവിലേക്ക് മാറ്റുകയും സ്രവം എടുത്ത് പരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. റിപ്പോർട്ട് പോസറ്റീവ് ആയതിനെ തുടർന്ന് 7ന് പരിയാരം മെഡിക്കൽ കോളേജിന്റെ നിർദ്ദേശപ്രകാരം രോഗിയെ അങ്ങോട്ടേക്ക് മാറ്റി.

മറ്റൊരു കൊവിഡ് രോഗി ചെറുവാഞ്ചേരി സ്വദേശി പനിയും ശ്വാസതടസവുമായി ആംബുലൻസിൽ രണ്ടിനാണ് മിംസിൽ എത്തിയത്. എമർജൻസി വിഭാഗത്തിലെ ട്രയാജ് ഏരിയയിൽ വെച്ച് ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗികൾക്കുള്ള ഐ.സി.യുവിലേക്ക് നേരിട്ട് പ്രവേശിപ്പിച്ചു. തുടർന്നുള്ള എക്‌സ്റേ പരിശോധനയിൽ രോഗം സംശയിച്ചതിനാൽ രോഗിയുടെ സ്രവം പരിശോധനക്കയച്ചതിന് ശേഷം പരിയാരം മെഡിക്കൽ കോളേജിനെ ബന്ധപ്പെട്ട് അങ്ങോട്ടേക്ക് മാറ്റി. രണ്ട് രോഗികളെയും ഓരേ ദിവസം ഒരേ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയോ ചികിത്സിക്കുകയോ ചെയ്തിട്ടില്ലെന്ന്

എല്ലാ രേഖകളും ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.