കണ്ണൂർ: ജില്ലയിൽ ഏഴു പേർക്കു കൂടി ഇന്നലെകൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. ഇവരിൽ രണ്ടു പേർ ദുബായിൽ നിന്നെത്തിയവരാണ്. 14കാരിയുൾപ്പെടെ മൂന്നു കതിരൂർ സ്വദേശിനികൾക്കും രണ്ടു മൂര്യാട് സ്വദേശികൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 68ഉം 40 ഉം വയസ്സ് പ്രായമുള്ള സ്ത്രീകളാണ് കതിരൂരിൽ നിന്നുള്ള മറ്റു രണ്ടു പേർ. ഇവർ മൂന്നു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്. മൂര്യാട് സ്വദേശികൾ 87ഉം 42ഉം വയസ്സ് പ്രായമുള്ളവരാണ്. 87കാരൻ ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്നും 42കാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.
കൂത്തുപറമ്പ് സെൻട്രൽ നരവൂർ സ്വദേശിയായ 33കാരൻ മാർച്ച് 17നും കോട്ടയം മലബാർ സ്വദേശിയായ 29കാരൻ 18നുമാണ് കരിപ്പൂർ വഴി നാട്ടിലെത്തിയത്. 33കാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും 29കാരൻ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ നിന്നും സ്രവപരിശോധനയ്ക്ക് വിധേയരായി.
ഇതോടെ ജില്ലയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 72 ആയി. ഇവരിൽ 37 പേർ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിട്ടു.
ജില്ലയിൽ 7881 പേരാണ് കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളത്.
പള്ളി വികാരിക്കെതിരെ കേസ്
കണ്ണൂർ: കുടിയാൻമല ഫാത്തിമ മാതാ ചർച്ചിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞ പള്ളി വികാരി മുന്നറിയിപ്പ് വകവയ്ക്കാതെ വിശ്വാസികളായ 3 ആൾക്കാരേയും കൂട്ടി ചാമപ്പാറ കുരിശുമലയിൽ സംഘം ചേർന്നതിന് കുടിയൻമല പൊലീസ് കേസെടുത്തു.