തൃക്കരിപ്പൂർ: ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇക്കുറി വിഷു വലിയ ആഘോഷമില്ലാതെ പോകുമെന്ന് ഉറപ്പായി.
വിഷു വ്യാപാരം ലക്ഷ്യമാക്കി തയ്യാറെടുപ്പുകൾ നടത്തിയ വസ്ത്രവ്യാപാരികളടക്കം ഇക്കുറി കടുത്ത നിരാശയിലാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ലക്ഷങ്ങളുടെ ഓർഡർ കൊടുത്ത് പുത്തൻ വസ്ത്ര ശേഖരം വിൽപ്പനക്കായി തയ്യാറാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായുള്ള വൈറസ് വ്യാപനവും ലോക്ക് ഡൗണും വന്നത്. 2200 ദിവസങ്ങൾക്കിടയിൽ ഒരു ദിവസമെങ്കിലും നിയന്ത്രണത്തോടെ കച്ചവടം ചെയ്യാൻ അവസരം ഉണ്ടായില്ലെന്നതാണ് തുണിക്കടവ്യാപാരികളെ കുഴക്കുന്നത്.
ചെറുകിട- വൻകിട വ്യാപാര സ്ഥാപനങ്ങളിൽ സെയിൽസ് വിഭാഗത്തിൽത്തന്നെ സ്ത്രീകളും പുരുഷന്മാരുമായി നൂറുകണക്കിന് തൊഴിലാളികളും ഇതോടെ കഷ്ടത്തിലായി. പച്ചക്കറി, പഴം, പലവ്യഞ്ജന വ്യാപാര സ്ഥാപനങ്ങൾക്ക് സമയക്രമം പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും വസ്ത്രവ്യാപാരികൾക്ക് ഒരു ഇളവും ലഭിച്ചില്ല. ഇതിൽ ചെറുകിട തുണി കച്ചവടക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
ലോക്ക് ഡൗൺ മാറുമ്പോൾ ഫാഷനും മാറും
മുൻകൂറായി ഓർഡർ ചെയ്ത തുണിത്തരങ്ങൾ മറ്റൊരു സീസണിലേക്ക് മാറ്റിവെക്കാമെങ്കിലും അപ്പോഴേക്കും പുതിയ ഫാഷനും ഡിസൈനുമൊക്കെ രംഗത്തെത്തുമെന്നതിനാൽ വില കുറച്ചു വിറ്റാൽപ്പോലും വാങ്ങാൻ ആളുണ്ടാകില്ലെന്ന ആശങ്കയിലാണ് വ്യാപാരികൾ .വൻകിട നഗരങ്ങളെ അപേക്ഷിച്ച് തൃക്കരിപ്പൂർ, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ കച്ചവട സ്ഥാപനങ്ങളിൽ വിഷു, ഓണം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങൾ, ഉത്സവങ്ങൾ എന്നി ങ്ങനെയുള്ള സീസണുകളെ ആശ്രയിച്ചാണ് വ്യാപാരം നടക്കുന്നത്. അതു കൊണ്ടു തന്നെ ഒരു സീസണിലെ കച്ചവടം മുടങ്ങിയാൽ അതിൽ നിന്നുണ്ടാകുന്ന നഷ്ടം നികത്താൻ വലിയ കാലതാമസം നേരിടും.
ബൈറ്റ്
ഓർഡർ പ്രകാരം എത്തിയ തുണിത്തരങ്ങളുടെ ബണ്ടിലുകൾ തുറന്നു നോക്കാൻ പോലും പറ്റിയില്ല. കട അടഞ്ഞുകിടക്കുന്നതിനാൽ അഞ്ചോളം ജീവനക്കാരും ദുരിതത്തിലായി.അവർക്ക് വിഷുകൈനീട്ടം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി-
എം.രാജീവൻ ,
മംഗല്യ ടെക്സ്റ്റൈൽസ് ഉടമ, തൃക്കരിപ്പൂർ