കാഞ്ഞങ്ങാട് :ബ്രേക്ക് ഡൗണായ നഗരസഭ വാഹനത്തിന്റെ തകരാർ തീർത്ത് ലോക്ക് ഡൗണിനെ തുടർന്ന് ടൗൺഹാളിൽ പാർപ്പിച്ച അഭയാർത്ഥി. കാഞ്ഞങ്ങാട് നഗരത്തിലും റെയിൽവേ സ്റ്റേഷനിലുമായി അന്തിയുറങ്ങുന്നവരെ പാർപ്പിച്ച ടൗൺഹാളിൽ ഇവരിൽപെട്ട കടലൂർ സ്വദേശി സുന്ദരനാണ് മെക്കാനിക്കുകളെ കിട്ടാതെ ഗതികെട്ട അവസ്ഥയിൽ താങ്ങായത്.

വാഹന ഡ്രൈവിംഗിനിടെ അപകടത്തിൽ പെട്ട് കാലിന് സ്വാധീനക്കുറവുള്ള സുന്ദരനാണ് വാഹനം നന്നാക്കിയത്.അപകടത്തെ തുടർന്ന് ഡ്രൈവിംഗ് അസാദ്ധ്യമായതിനെ തുടർന്ന് ജോലി അന്വേഷിച്ചാണ് ഈ 37കാരൻ കാഞ്ഞങ്ങാടെത്തിയത്. കടകളുടെ ഷട്ടറുകൾക്ക് ഗ്രീസിടലും മറ്റു റിപ്പയറിംഗ് ജോലിയുമൊക്കെയായാണ് ഈയാൾ ജീവിതം തള്ളിനീക്കിയിരുന്നത്. രാത്രി കാലങ്ങളിൽ പീടിക കോലായിലോ റെയിൽവേ സ്റ്റേഷൻ പരിസരത്തോ അന്തിയുറങ്ങും.

നഗരസഭയുടെ ആരോഗ്യവിഭാഗം ഉപയോഗിക്കുന്ന വാഹനമാണ് സുന്ദരന്റെ സഹായത്തിൽ റിപ്പയറിംഗ് നടത്തിയത്. ഏറ്റവും തിരക്കുപിടിച്ച സമയത്ത് ലഭിച്ച ഉപകാരം മറക്കാൻ കഴിയുന്നതല്ലെന്നാണ് ആരോഗ്യവിഭാഗം ജീവനക്കാർ സുന്ദരന്റെ സഹായത്തെ സംബന്ധിച്ച് പറഞ്ഞത്.