കൂത്തുപറമ്പ്:കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന തലശ്ശേരി സബ്ബ് ഡിവിഷൻ പരിധിയിൽ പൊലീസ് നടപടി ശക്തമാക്കി. തലശ്ശേരി ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നത്.

ജില്ലയിൽ ഇതുവരെ 72 കോവിഡ് 19 പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ അറുപതിലേറെയും തലശ്ശേരി താലൂക്കിലാണെന്നതിനാലാണ് പരിശോധന ഊർജ്ജിതമാക്കിയത്. ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച പഞ്ചായത്തുകളും നഗരസഭകളുമെല്ലാം തലശ്ശേരി സബ്ബ് ഡിവിഷൻ പരിധിയിലുള്ളവയാണ്. കൂത്തുപറമ്പ് ,തലശ്ശേരി, പാനൂർ നഗരസഭകളെയും, പാട്യം, ചിറ്റാരിപ്പറമ്പ് ,കോട്ടയം, കതിരൂർ, മൊകേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളെയുമാണ് അതീവ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ മേഖലയിലെഏതാനും വാർഡുകളെ അധികൃതർ ഹോട്ട് സ്പോട്ടുകളായും പ്രഖ്യാപിച്ചിട്ടുമുണ്ട്. ആയിരത്തിലേറെപ്പേരാണ് ഇപ്പോഴും ഈ ഭാഗത്ത് നിരീക്ഷണത്തിലുള്ളത്.

ഇന്നലെ രാവിലെ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ കതിരൂർ സ്റ്റേഷൻ പരിധിയിലെ പൂക്കോട് ടൗണിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. കതിരൂർ സി.ഐ. എം.അനിൽകുമാർ, എസ്.ഐ. നിജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ തലശ്ശേരി സബ്ഡിവിഷൻ പരിധിയിൽ പരിശോധന കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ബൈറ്റ്

ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടികൾ ശക്തമാക്കും-തലശ്ശേരി ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാൽ

(Photo: പൊലീസ് നടത്തിയ വാഹന പരിശോധന)