കൂത്തുപറമ്പ്:വിപിണയിലെ ചീഞ്ഞളിഞ്ഞതും രാസപദാർത്ഥം ചേർത്തതുമായ മീനുകൾ ആരോഗ്യത്തിന് ഭീഷണിയായ പശ്ചാത്തലത്തിൽ സ്വന്തമായി കൃഷി ചെയ്ത തിലോപ്പിയയടക്കമുളള മീനുകൾ വീടുകളിലെത്തിച്ച് കൂത്തുപറമ്പ് എം.ഇ.എസ്.കോളേജ് എൻ.എസ്.എസ്. യൂണിറ്റിലെ വിദ്യാർത്ഥികൾ. ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്യുന്നത് വഴി ഇവർ രാഷ്ട്രസേവനത്തിന്റെ പുതുചരിത്രമാണ് കുറിക്കുന്നത്.
കോളേജിന് സമീപം വിദ്യാർത്ഥികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ മത്സ്യമാണ് ആവശ്യക്കാർക്ക് വീടുകളിലെത്തിച്ച് നൽകിയത്. ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ അനുമതിയോടെ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു മീൻപിടുത്തം. ആളുകൾ കൂട്ടമായി മത്സ്യത്തിന് എത്താതിരിക്കാൻ ഓർഡർ പ്രകാരം വീടുകളിലെത്തിക്കുകയായിരുന്നു . ആറ് മാസം മുൻപ് തിലോപ്പി ഇനത്തിൽപ്പെട്ട ആയിരത്തോളം കുഞ്ഞുങ്ങളെ ഇറക്കിക്കൊണ്ടായിരുന്നു മത്സ്യകൃഷിക്ക് തുടക്കം. മത്സ്യകൃഷിയിൽ ആധുനിക രീതിയിൽ പരിശീലനം നൽകുന്ന മാങ്ങാട്ടിടം കുറുമ്പുക്കലിലെ എം.മധുവിന്റെ സഹായത്തോടെയായിരുന്നു മത്സ്യകൃഷി. മികച്ച പരിചരണം ലഭിച്ചതോടെ നല്ല വിളവാണ് ലഭിച്ചതെന്ന് എൻ.എസ്.എസ്.കോഡിനേറ്റർ എം.കെ.ജാബിർ പറഞ്ഞു. കോളേജിലെ അദ്ധ്യാപകരായ എം.കെ.ജാബിർ , രാഹുൽദാസ്. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ എ.കെ.ഫർഹാൻ, പികെ. നിഹാൽ, ടി.സി. ഷൈൻ, സർഫാസ് അലി, കെ.വിഷ്ണു ,കെ.ശ്രീജിൽ ആനന്ദ് , മുക്താർ എന്നിവടങ്ങിയ സംഘമായിരുന്നു പരിപാലനം.