പയ്യാവൂർ: കാഞ്ഞിരക്കൊല്ലി, ആടാംപാറ, വഞ്ചിയം, ശശിപ്പാറ, ഷിമോഗ കോളനി, നറുക്കുംചീത്ത തുടങ്ങിയ മലയോര പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെയും, മറ്റ് വന്യമൃഗങ്ങളുടേയും നിരന്തര ശല്യം തടയാൻ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് മുഖ്യമന്ത്രിയോടും വനം മന്ത്രിയോടും ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളിൽ തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറിത്തോട്ടങ്ങൾ തുടങ്ങിയവയെല്ലാം തന്നെ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. കാർഷിക വൃത്തിയുമായി മുന്നോട്ടുപോകാൻ കഴിയാതെ കർഷകർ വലയുമ്പോഴും അധികൃതർ തുടരുന്ന അനങ്ങാപ്പാറനയം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.