കണ്ണൂർ:യു എസിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ മാർച്ച് ഒന്നിനാണ് ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. അവിശ്വനീയവും ഭീതിജനകവുമായ അനുഭവമായിരുന്നു പിന്നീടിങ്ങോട്ട്. ഒരു ചതുരശ്ര കിലോമീറ്ററിൽ പതിനായിരത്തിലധികം ജനങ്ങൾ ജീവിക്കുന്ന വാണിജ്യ നഗരം. വിദേശികളടക്കം ആയിരക്കണക്കിന് ജനങ്ങൾ നിത്യേന വന്നു പോകുന്ന ടൂറിസ്റ്റ് കേന്ദ്രം. വൈറസ് വ്യാപിക്കാനുള്ള സാദ്ധ്യതകൾ എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്യന്തം ഗുരുതരാവസ്ഥയാണ് ന്യൂയോർക്കിൽ ഇപ്പോൾ-കണ്ണൂർ അഴീക്കോട് സ്വദേശിനിയും പെൻസിൽവാനിയയിലെ സൈബർ സെക്യൂരിറ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥയുമായ സ്വാതി ക ബാലകൃഷ്ണൻ ന്യൂ യോർക്കിലെ ദുരിതങ്ങൾ പങ്കുവെക്കുകയാണ്.
നാലു വർഷമായി അമേരിക്കയിൽ എത്തിയിട്ട്. യു എസിലെ വടക്കു കിഴക്കൻ സംസ്ഥാനമായ പെൻസിൽവാനിയയുടെ തലസ്ഥാനമായ ഹാരിസ് ബർഗിനടുത്താണ് ഞങ്ങൾ താമസിക്കുന്നത്. മനോഹരമായ മലനിരകളും ഉദ്യാനങ്ങളും തടാകങ്ങളും ഉള്ള സംസ്ഥാനം. കോവിഡ് വ്യാപനത്തെ നിയന്ത്രിക്കാനായി പ്രഖ്യാപിച്ച രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ ഭീതിയിലാണ് ഇവിടെയും ജനങ്ങൾ. പാർക്കുകളും ഇപ്പോൾ വിജനമാണ്. മാസ്‌ക് ധരിച്ചേ പുറത്തിറങ്ങാവൂ. കഠിനമായ മഞ്ഞു കാലത്തിനു ശേഷം ജനങ്ങൾ സജീവമായി പുറത്തിറങ്ങുന്ന കാലയളവാണ് മാർച്ച്ഏപ്രിൽ മാസം. ആപ്പിലൂടെ സാധനങ്ങൾ വീട്ടിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അത്തരം സംവിധാനങ്ങൾ വേണ്ടത്ര കാര്യക്ഷമമല്ല.
ഇവിടത്തെ ചികിത്സാ സംവിധാനങ്ങൾ കേരളത്തിലേതുമായി താരതമ്യം ചെയ്യാനാകില്ല. വലിയ ചെലവേറിയതാണ് ചികിത്സ. എല്ലാം ഇൻഷുറൻസ് പോലുള്ള സംവിധാനങ്ങളുടെ നിയന്ത്രണത്തിലാണ്. അനിയന്ത്രിതമായി പടർന്നു പിടിക്കുന്ന പകർച്ചവ്യാധിക്ക് മുന്നിൽ അത്തരം സംവിധാനങ്ങൾക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കൊവിഡ് രോഗികളോട് പോലും സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞു മരുന്ന് കഴിക്കാനാണ് നിർദേശിക്കുന്നത്.
ന്യൂ ജർസി, ടെക്സാസ്, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മലയാളികൾ കൂടുതൽ ഉള്ളത്. ന്യൂയോർക്കിലും ധാരാളം മലയാളികളുണ്ട്. മറ്റൊരു കാര്യം യു എസ്സിലെ ആശുപത്രികളിലെ നഴ്സുമാരിൽ നല്ലൊരു ഭാഗം മലയാളികളാണെന്നതാണ്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ ഞങ്ങൾ വിഷുവിനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ഇന്ത്യൻ സ്റ്റോറിൽ ലഭ്യമായ കേരളീയ വിഭവങ്ങളെല്ലാം ശേഖരിച്ചായിരുന്നു ആഘോഷം. മെക്സിക്കോയിൽ നിന്നുള്ള നേന്ത്രനും മറ്റു പച്ചക്കറികളും വിഷുവിനു കണിവെക്കാൻ വാങ്ങിയിരുന്നു. എന്നാൽ ഇന്ന് ആകെ ആശങ്കയുടെ നടുവിലാണ്. എങ്കിലും പ്രതീക്ഷ കൈവിടാൻ സ്വാതിക തയ്യാറല്ല,