കോഴിക്കോട്: പത്ത് വർഷത്തിലേറെ നീണ്ട പടവെട്ടൽ; അർബുദം മുറുകെപ്പിടിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ മനക്കരുത്തോടെ പൊരുതുക തന്നെയായിരുന്നു ഡോ.പി.എ.ലളിത. ശസ്ത്രക്രിയകളുടെയും കീമോ തെറാപ്പിയുടെയും ഇടവേളകൾ പിന്നിട്ട് അവശത വക വെക്കാതെ അവർ രോഗികളെ നോക്കാനുമെത്തിയിരുന്നു. അവസാനഘട്ടത്തിൽ ദിവസങ്ങളോളം ഐ,സി.യു വിൽ കഴിയുംവരെയും ആ പതിവ് മുടക്കിയില്ല.
ആശുപത്രിയുടെ ലോകത്ത് ഒതുങ്ങിനിന്ന ഭിഷഗ്വരയായിരുന്നില്ല അവർ. ഐ.എം.എ യുടെ വനിതാ വിഭാഗത്തിന്റെ സാരഥിയെന്ന നിലയിൽ പ്രവർത്തിച്ചിരുന്നപ്പോഴും മറ്റു ഒട്ടേറെ പ്രസ്ഥാനങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. മലബാർ ഹോസ്പിറ്റലിന്റെ ഭരണച്ചുമതലയുടെ തിരക്ക് ഒഴിഞ്ഞാൽ പുറത്തും തിരക്കിലേക്കുള്ള ഓട്ടം.
അതിനിടയിലാണ് പത്തു വർഷം മുമ്പ് അർബുദ ബാധ തിരിച്ചറിയുന്നത്. ആശ്വസിപ്പിക്കാനെന്നോണം എന്തെങ്കിലും പറയുന്നതിൽ അർത്ഥമില്ലെന്നു അറിയാവുന്നതുകൊണ്ടു തന്നെ കാൻസർ രോഗ വിദഗ്ദന് സൂചന നൽകാതിരിക്കാനായില്ല. പരമാവധി രണ്ടു വർഷം.
രോഗത്തിന്റെ തീവ്രത ഉൾക്കൊണ്ടപ്പോഴും അങ്ങനെ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. ചികിത്സ ഫലിക്കാൻ മരുന്നിനോളം മനക്കരുത്തും വേണമെന്ന് രോഗികളെ എപ്പോഴും ഓർമ്മിപ്പിക്കുന്ന തന്റെ മനസ് പതറരുതല്ലോ എന്ന ചിന്തയായിരുന്നു അവരുടേത്. അർബുദത്തോട് മാറി നിൽക്കാൻ കല്പിച്ചുകൊണ്ടായിരുന്നു പിന്നീടുള്ള ജീവതം. പലപ്പോഴും രോഗം ഭീകരരൂപം പൂണ്ട് ആഞ്ഞടിക്കാറുണ്ടെങ്കിലും മനക്കരുത്തോടെ അകറ്റി നിറുത്തി. ഓരോ ഘട്ടത്തിലും കീമോതെറാപ്പി പിന്നിട്ടാൽ തൊട്ടു പിറകെ തന്നെ ആശുപത്രിയിലെ കൺസൾട്ടേഷൻ മുറിയിൽ നിറചിരിയോടെ അവരുണ്ടാവും. രോഗികൾക്ക് സാന്ത്വനമേകാൻ പതിവായി റൗണ്ട്സിനുമെത്തും.
ആറാഴ്ചയുടെ ഇടവേളയിൽ അഞ്ചു തവണ വയറിൽ ശസ്ത്രക്രിയ വേണ്ടി വന്നപ്പോഴും കുലുങ്ങിയില്ല. പരസഹായമില്ലാതെ നടക്കാനാവുമെന്നായപ്പോഴേക്കും ആശുപത്രിയിലെ പതിവു തിരക്കുകളിലേക്ക് മടങ്ങിയെത്തി. ആഴ്ചകളായി രോഗനില തീരെ വഷളായപ്പോഴും പൂർണവിശ്രമത്തിനോട് പൊരുത്തപ്പെടാനായിരുന്നില്ല അവർക്ക്. കുറച്ചു ദിവസങ്ങളായി ഐ.സി.യുവിൽ തന്നെയായതിനു പിറകെയായിരുന്നു മരണത്തിനു മുന്നിലുള്ള കീഴടങ്ങൽ.
ആലപ്പുഴയിൽ നിന്ന് ഭർത്താവ് ഡോ. വി.എൻ.മണിയ്ക്കൊപ്പം 1978 ലാണ് ഡോ.ലളിത കോഴിക്കോട്ടെത്തുന്നത്. അദ്ദേഹത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അസി. പ്രൊഫസറായി നിയമനം കിട്ടിയതായിരുന്നു. ഇവിടെ വന്ന ശേഷം അവർ തുടക്കത്തിൽ സെന്റ് മേരീസ് ഹോസ്പിറ്റലിലും രാജേന്ദ്ര നഴ്‌സിംഗ് ഹോമിലും ജോലി ചെയ്തു. അതിനിടെ, സൈക്യാട്രിസ്റ്റ് ഡോ.അബ്ദുറഹ്‌മാൻ നടക്കാവിൽ ആരംഭിച്ച ആശുപത്രിയുടെ നടത്തിപ്പുചുമതല ഏറ്റെടുക്കണമെന്ന് നിർബന്ധിച്ചു. ഭരണകാര്യങ്ങളിൽ ഇടപെടില്ലെന്നും ലാഭവിഹിതം കൊടുത്താൽ മതിയെന്നുമായിരുന്നു വ്യവസ്ഥ. ഈ ആശുപത്രി നടത്തുന്നതിനിടയിലാണ് എരഞ്ഞിപ്പാലത്ത് സ്വന്തമായി ആശുപത്രി തുടങ്ങാൻ ഡോ.ലളിത തീരുമാനിച്ചത്. മലബാർ ഹോസ്പിറ്റൽ പിന്നീട് നഗത്തിലെ സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ മുൻനിരയിലേക്ക് വളരുകയായിരുന്നു.